കാറോടിച്ചിരുന്ന പിതാവ് അബോധവസ്ഥയിലായി, സഹായത്തിനായി ഭാര്യയും പെണ്‍മക്കളും പോലീസിനെ വിളിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന മറുപടി, കോട്ടയത്തെ പോലീസിനെക്കുറിച്ച് അറിയാതെ പോകരുത്

കാറോടിച്ചിരുന്ന ഗൃഹനാഥന്‍ അബോധാവസ്ഥയിലായതോടെ രാത്രിയില്‍ ഒറ്റപ്പെട്ടു പോയ അമ്മയും രണ്ടു പെണ്‍മക്കളും സഹായത്തിനു പോലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നു പരാതി. പോലീസിന്റെ ഹെല്‍പ് ലൈന്‍ നന്പരായ 100ലേക്കു വിളിച്ചപ്പോള്‍ തങ്ങളുടെ ഏരിയ അല്ലെന്നു പറഞ്ഞു ഫോണ്‍ വച്ചത്രേ. മണിക്കൂറുകളോളം കാറില്‍ കുടുങ്ങിയ കുടുംബത്തെ പിന്നീടു ലയണ്‍സ് ക്ലബ് അധികൃതര്‍ ബന്ധപ്പെട്ടാണു രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി 8.45ന് ഈരാറ്റുപേട്ടയ്ക്കു സമീപം പൂവത്തോട്ടിലാണു സംഭവം. ചിങ്ങവനം സ്വദേശികളും വിദേശ മലയാളികളുമായ ഡെയ്‌സില്‍ ചാക്കോ, ഭാര്യ ആനി ഡെയ്‌സില്‍, 21ഉം 19ഉം വയസുള്ള രണ്ടു പെണ്‍മക്കള്‍ എന്നിവരാണു കാറില്‍ യാത്ര ചെയ്തിരുന്നത്. കുടുംബം റാന്നിയിലുള്ള ബന്ധുവീട്ടില്‍ പോയി രാമമംഗലത്തേക്കു മടങ്ങുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്ര. യാത്രയ്ക്കിടയില്‍ കാര്‍ പൂവത്തോട്ടില്‍ എത്തിയപ്പോള്‍ കാര്‍ ഓടിച്ചിരുന്ന ഡെയ്‌സിലിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടര്‍ന്നു ബോധരഹിതനാവുകയും ചെയ്തു. ഇതോടെ ആനി 100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെട്ടു പോലീസ് സഹായം ആവശ്യപ്പെട്ടു. എന്നാല്‍, ഫോണെടുത്തു വിവരങ്ങളും സ്ഥലവും ചോദിച്ച പോലീസ്, കുടുംബം നിസഹായ അവസ്ഥയില്‍ കിടക്കുന്നതു പൂവത്തോട്ടിലാണെന്നു മനസിലാക്കിയതോടെ ഇതു തങ്ങളുടെ ഏരിയ അല്ലെന്നു പറഞ്ഞു ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നു പറയുന്നു.

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ ആനിയും മക്കളും കാറിനുള്ളില്‍ത്തന്നെ ഇരുന്നു. തുടര്‍ന്ന് ഇവര്‍ ഫോണ്‍ വിളിച്ചതനുസരിച്ചു ലയണ്‍സ് ക്ലബ് അംഗങ്ങളാണു മറ്റൊരു വാഹനം സ്ഥലത്തെത്തിച്ചു ഡെയ്‌സിലിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ലയണ്‍സ് റാഫില്‍സ് ചെയര്‍മാന്‍ എം.പി. രമേഷ്കുമാര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു സംഭവം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒറ്റപ്പെട്ട സ്ഥലത്തു കുടുങ്ങിപ്പോയ മൂന്നു സ്ത്രീകള്‍ക്ക് അവര്‍ സഹായം ആവശ്യപ്പെട്ടിട്ടും പോലീസ് ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം, ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലേക്കു വ്യാഴാഴ്ച രാത്രിയില്‍ 11.30നു സഹായം ആവശ്യപ്പെട്ടു ഫോണ്‍ വന്നിരുന്നുവെന്നും സംഭവം നടന്ന സ്ഥലം തിടനാട് സ്‌റ്റേഷന്റെ പരിധിയിലാണെന്നും അവിടേക്കു മെസേജ് കൊടുത്തുവെന്നുമാണു പോലീസിന്റെ വിശദീകരണം.

Related posts