തമിഴ് മാധ്യമങ്ങള്‍ പലതവണ എന്നെ കൊന്നു; അഭിനയം ഭര്‍ത്താവിന്റെ ആത്മശാന്തിക്കായി…

shree_2017Jan11ha1അണിഞ്ഞൊരുങ്ങി നടക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍, ‘വലിയ സുന്ദരി വന്നിരിക്കുന്നു, കെ.ആര്‍ വിജയയാണെന്നാ പെണ്ണിന്റെ ഭാവം’ എന്ന് ജനം കുശുമ്പുപറഞ്ഞൊരു കാലമുണ്ടായിരുന്നു. അഴകിന്റെ അളവുകോലായി കെ.ആര്‍ വിജയ പുകള്‍പെറ്റകാലം. രണ്ടര പതിറ്റാണ്ടുകാലം അഴകിനും അഭിനയത്തിനും ഉടയോളായി വെള്ളിത്തിരയില്‍ ഈ തെലുങ്ക് സുന്ദരി നിറഞ്ഞുനിന്നു.

തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി എന്ന വിശേഷണവും വിജയയ്ക്ക് സ്വന്തമായിരുന്നു. സ്വന്തമായി വിമാനമുള്ള, വീടിനുള്ളില്‍ നീന്തല്‍ക്കുളമുള്ള അഭിനേത്രി എന്നു തെന്നിന്ത്യ അന്നാളുകളില്‍ അടക്കം പറഞ്ഞു. സിനിമയും കുടുംബവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കെ.ആര്‍. വിജയ ഭര്‍ത്താവ് വേലായുധന്റെ മരണശേഷം സിനിമയില്‍ നിന്നു കുറച്ചുകാലമായി മാറി നില്‍ക്കുകയായിരുന്നു. സത്യം ശിവം സുന്ദരം എന്ന പരമ്പരയില്‍ വള്ളിയമ്മയുടെ വേഷം ഭംഗിയാക്കി ഈ അഭിനേത്രി ഇപ്പോള്‍ തിരിച്ചുവരവു ആഘോഷിക്കുകയാണ്. 56 വര്‍ഷം നീണ്ട അഭിനയ ചരിത്രവും ജീവിതചരിത്രവും കെ.ആര്‍ വിജയ സ്ത്രീധനം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു…

ഓര്‍മകളിലെ ദേവനായകി

ദേവനായകി എന്നാണ് ശരിപ്പേര്. പക്ഷേ ഞാന്‍ പോലും അതു മറന്നു തുടങ്ങിയിരിക്കുന്നു. തെലുങ്കു നാടായിരുന്നു സ്വദേശം. ഇല്ലായ്മകളുടെ നടുവില്‍ പകച്ചു നിന്ന കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി. എനിക്കു താഴെ വത്സലയും സാവിത്രിയും പിന്നൊരു അനിയനും. പത്താം വയസില്‍ കുടുംബം മദ്രാസിലേക്കു കുടിയേറി. 1961–ല്‍ ആണെന്നാണ് ഓര്‍മ. അതിജീവനത്തിനുവേണ്ടി കാലില്‍ ചിലങ്കയണിയേണ്ടിവന്നു. അതോടെ നാലാം ക്ലാസില്‍ പഠനത്തിനു സുല്ലുവീണു. ക്ഷേത്രവളപ്പുകളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളിലൂടെയായിരുന്നു അഭിനയത്തുടക്കം. ഒരിക്കല്‍, നാടകം ഉദ്ഘാടനം ചെയ്യാനെത്തിയ ജമിനി ഗണേശന്‍ സാറിന് എന്റെ പ്രകടനം ബോധിച്ചു. നല്ല സൗന്ദര്യവും അഭിനയവും. നൃത്തവും കൊള്ളാം. ദേവനായകിയെ സിനിമയ്ക്ക് തന്നുകൂടെയെന്നു ജമിനിസര്‍ അച്ഛനോടു ചോദിച്ചു.

എതിര്‍പ്പില്ലെന്ന് അച്ഛന്‍. അങ്ങനെ ‘മകളേ ഉന്‍സമയല്‍’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയത്തുടക്കവുമായി. ഈ സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ എം.ആര്‍ രാധയാണ് പേരുമാറ്റുന്ന കാര്യം സൂചിപ്പിച്ചത്. ദേവനായകി എന്ന പേര് പഴയ പഞ്ചാംഗം പോലുണ്ട്, നമുക്കു പകരം വിജയ എന്നാക്കാം എന്ന് അദ്ദേഹം പറഞ്ഞു. വിജയ അന്നത്തെ ഏറ്റവും മോഡേണ്‍ പേരാണ്. അങ്ങനെയങ്കില്‍ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് കെ.ആര്‍. വിജയ എന്നാക്കാം എന്നു ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കെ.ആര്‍. വിജയ എന്ന താരോദയമുണ്ടാകുന്നത്. അച്ഛനും അമ്മയുമിട്ട പേരുമാറ്റിയതില്‍ അന്നും ഇന്നും എനിക്കു കുറ്റബോധമില്ല. പക്ഷേ സിനിമയ്ക്കുവേണ്ടി വിദ്യ മുറിച്ചതില്‍ തീരാസങ്കടമുണ്ട്. ശരിക്കും പറഞ്ഞാല്‍ എന്റെ വിദ്യാലയം നാടക ക്യാമ്പുകളായിരുന്നു. ഡയലോഗുകള്‍ ഹൃദിസ്ഥമാക്കിയാണ് മലയാളം, തമിഴ്, കന്നട ഭാഷകള്‍ പഠിച്ചത്. ഇന്ന് ഇംഗ്ലീഷ് ഉള്‍പ്പെടെ അഞ്ചുഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ എനിക്കു സാധിക്കും. ആ പഠിപ്പ് ചലച്ചിത്രാനുഭവങ്ങളിലൂടെ സ്വായത്തമാക്കിയതാണ്.

പുഞ്ചിരിയുടെ രാജകുമാരി

പുന്നകൈ അരശി, തമിഴകം നല്‍കിയ ആ വിശേഷണത്തില്‍ അഭിമാനിക്കുന്നു. ഓരോ നിമിഷവും. 40 വര്‍ഷം മുന്‍പാണ് പുഞ്ചിരി റാണി എന്ന പടം തേടിയെത്തുന്നത്. ഇരുമലര്‍കള്‍ എന്ന പടത്തിന്റെ നൂറാംദിനം ട്രിച്ചിയില്‍ ആഘോഷിക്കുന്നു. മെമന്റോ വാങ്ങാന്‍ വേദിയില്‍ കയറിയപ്പോള്‍ ആരാധകവൃന്ദത്തില്‍ നിന്നാരോ ഉറക്കെ വിളിച്ചുപറഞ്ഞു. ‘അമ്മാ, നീങ്ങള്‍ താന്‍ രസികകളില്‍ പുന്നകൈ അരസി’ പിന്നീട് മാധ്യമങ്ങളും പുന്നകൈ അരശി കെ.ആര്‍ വിജയ എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. പുന്നകൈ അറശിപ്പട്ടത്തിന് കലൈമാമണിപ്പട്ടത്തിനെക്കാളും മൂല്യം ഞാന്‍ കല്‍പ്പിക്കുന്നു.

നായകന്മാര്‍
shree_2017Jan11ha2
തിരിഞ്ഞുനോക്കുമ്പോള്‍ വല്ലാത്ത അതിശയം തോന്നുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി 500 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. രണ്ടു ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. മകള്‍ ഹേമയെ ഗര്‍ഭം ധരിച്ചതിനാല്‍ വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുക്കുകയായിരുന്നു. 500 ല്‍ 450ലും കരുത്തുറ്റ കഥാപാത്രങ്ങളാണ് ലഭിച്ചത്. ആദ്യമായി നായികയായി വേഷമിട്ടത് കെ.എസ്. ഗോപാലകൃഷ്ണന്‍ സാറിന്റെ കര്‍പ്പകം എന്ന ചിത്രത്തിലായിരുന്നു. കെ.എസ്.ജി തന്നെയാണ് എന്റെ അമ്പതാമതും നൂറാമതും ഇരുന്നൂറാമതും ഇരുന്നൂറ്റമ്പതാമതും സിനിമകള്‍ സംവിധാനം ചെയ്തതും. ഈ സൗഭാഗ്യം മറ്റൊരു നടിക്കും ലഭിച്ചിട്ടുണ്ടാവില്ല. ജമിനി ഗണേശന്‍, ശിവാജി ഗണേശന്‍, മുത്തുരാമന്‍ രവിശങ്കര്‍, എം.ജി.ആര്‍, മുത്തുരാമന്‍ എന്നിങ്ങനെ അക്കാലത്തെ ഒട്ടെല്ലാ നായകന്മാര്‍ക്കൊപ്പവും ജോടി ചേരാന്‍ കഴിഞ്ഞതും നേട്ടമാണ്. 300 സിനിമകളില്‍ കഥാനായികയായി അഭിനയിച്ചു. അതില്‍ തന്നെ ശിവാജിക്കൊപ്പം 48 ചിത്രങ്ങള്‍. മലയാളത്തിലും സത്യന്‍, നസീര്‍, മധു എന്നിങ്ങനെ ടോപ്പ് സ്റ്റാറുകളുടെ കൂടെയാണ് കൂടുതലും അഭിനയിച്ചത്.

വിമാനം വിറ്റ കഥ

ഭര്‍ത്താവ് വേലായുധന്‍ ഒന്നാന്തരം പൈലറ്റ് ആയിരുന്നു. പലപ്പോഴും വിമാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം സെക്കന്‍ഡ് പൈലറ്റിന്റെ കാബിനില്‍ വന്നിരിക്കാറുണ്ട്. സ്വന്തമായി ഒരുവിമാനം വാങ്ങുക എന്നത് അദ്ദേഹത്തിന്റെ താല്‍പര്യമായിരുന്നു. ഭര്‍ത്താവിനൊപ്പം നിരവധി സ്ഥലങ്ങള്‍ വിമാനത്തില്‍ ചുറ്റി സഞ്ചരിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ ഒരു ശൂന്യത വന്നപോലെ തോന്നി. യാത്രകളിലൊക്കെ കമ്പം കുറഞ്ഞു. വിമാനം പരിചരണമില്ലെങ്കില്‍ തുരുമ്പെടുത്തുപോകും എന്ന അവസ്ഥ വന്നു. അങ്ങനെയാണ് വില്‍ക്കുന്നത്. വിമാനം പോലെ തന്നെ ഏറെ ആഗ്രഹിച്ചായിരുന്നു ടി നഗറില്‍ ആറേക്കറില്‍ കൊട്ടാരം പോലൊരു വീട് പണിതതും. സാവിത്രിയമ്മയ്ക്ക് ശേഷം വീടിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മിച്ച അഭിനേത്രി ഞാനാണ്.

മകള്‍ ഹേമലതയും ഭര്‍ത്താവും ഞാനും ഏറെ ആനന്ദത്തോടെയാണ് ടി നഗറിലെ ബംഗ്ലാവില്‍ ഓരോ ദിനവും ചെലവിട്ടത്. വിവാഹശേഷവും ഹേമ ഞങ്ങളുടെ കൂടെയാണ് താമസിച്ചത്. അവളുടെ രണ്ടു പെണ്‍മക്കള്‍ വീടിന്റെ ഓരോ മൂലയും ശബ്ദമുഖരിതമാക്കി. കുട്ടികള്‍ പഠനാര്‍ഥം അന്യരാജ്യങ്ങളിലേക്ക് പോയതോടെ വീട് ഉറങ്ങി. കുട്ടികള്‍ക്കു പിന്നാലെ ഹേമയും ഭര്‍ത്താവും വിദേശത്തേക്ക് കുടിയേറി. അതോടെ ആ വലിയ വീട്ടില്‍ ഒറ്റപ്പെടുന്ന പോലെ തോന്നി. മാത്രവുമല്ല വൃത്തിയായി സൂക്ഷിക്കാനും പ്രയാസം. അങ്ങനെയാണ് ഈ വീട്ടിലേക്ക് മാറുന്നത്. ഭര്‍ത്താവിനൊപ്പമാണ് ഇങ്ങോട്ട് വന്നത്. ഇപ്പോള്‍ എന്നെ തനിച്ചാക്കി അദ്ദേഹം മടങ്ങി. പേരക്കുട്ടികള്‍ ദിവസവും വിളിക്കും. ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മരിച്ചതായി വാര്‍ത്ത വന്നിരുന്നു. കൊച്ചുമക്കള്‍ രണ്ടുപേരും വാര്‍ത്തയറിഞ്ഞ് പരിഭ്രാന്തരായി. ന്യൂസ് വ്യാജമാണെന്നറിഞ്ഞപ്പോള്‍ ഗ്രാന്‍മാ ഇങ്ങോട്ടേക്ക് വാ ഇനി അഭിനയമൊന്നും വേണ്ട… എന്നു പറഞ്ഞ് കുറേ ദിവസം കരച്ചിലായിരുന്നു.

ആദ്യത്തെ മരണം

ഇതു പലതവണയായി തമിഴ് മാധ്യമങ്ങള്‍ എന്നെ കൊന്നിട്ടുണ്ട്. ആദ്യത്തെ മരണം പത്തൊമ്പതാമത്തെ വയസിലായിരുന്നു. ഞാനന്ന് ഭര്‍ത്താവും കൈക്കുഞ്ഞായ മോളുമായി സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരുദിവസം രാവിലെ തന്നെ തമിഴിലെ വലിയ ഡയറക്ടര്‍ മാധവന്‍ സാറിന്റെ ഫോണ്‍ വന്നു. അമ്മ സുഖമാണോ, ഭര്‍ത്താവും മോളുമെല്ലാം എന്തു പറയുന്നു എന്നെല്ലാം സാര്‍ ചോദിക്കുന്നുണ്ടായിരുന്നു. മാധവന്‍ സാറിന്റെ സുഖാന്വേഷണത്തില്‍ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയതുമില്ല. എല്ലാവരും സുഖമായിരിക്കുന്നു എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വയ്ക്കുകയും ചെയ്തു. അന്നേരം കോളിംഗ് ബെല്‍ ചിലച്ചു.

വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. സാക്ഷാല്‍ എംജിആര്‍ അണ്ണന്‍. എന്താ അണ്ണാ ഒരു മുന്നറിയിപ്പുമില്ലാതെ എന്ന് ഞാന്‍. ചുമ്മാ, വിജയത്തിന്റെ ചായ കുടിക്കാന്‍ വന്നതാ എന്നും പറഞ്ഞ് എംജിആര്‍ അകത്തു കയറി കുറേ സംസാരിച്ചിരുന്നു. അദ്ദേഹം പോയതിനു പിന്നാലെ വീണ്ടും കുറേ ഫോണ്‍ കോളുകള്‍. ബാലാജി, സുന്ദര്‍, ത്രിലോക് എന്നിങ്ങനെ തമിഴകത്തെ മുന്നണി താരങ്ങളായിരുന്നു അങ്ങേത്തലയ്ക്കല്‍. എല്ലാവരും സുഖമാണോ പ്രശ്‌നമൊന്നും ഇല്ലല്ലോ എന്നു എടുത്തു ചോദിക്കുന്നു. ഒടുവില്‍ വീട്ടിലെത്തിയ സുഹൃത്തുവഴി സത്യം അറിഞ്ഞു. തമിഴ് ചലച്ചിത്ര മേഖലയില്‍ കെ.ആര്‍ വിജയയെ ഭര്‍ത്താവു കഴുത്തു ഞെരിച്ചു കൊന്നൂവെന്ന വാര്‍ത്ത പരന്നിരിക്കുന്നു. നിജസ്ഥിതി അറിയാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ വീട്ടില്‍ വന്നതും ഫോണ്‍ വിളിച്ചതുമെല്ലാം.

പോയവര്‍ഷവും അവര്‍ എന്നെ കൊന്നു. അത്തവണ തെലുങ്ക് മാധ്യമങ്ങളിലൂടെയായിരുന്നു വാര്‍ത്ത വന്നത്. ഞാനന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലാണ.് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇടയ്ക്കിടെ ബോധം വന്നുപോയിക്കൊണ്ടിരിക്കുന്നു. തെലുങ്ക് പത്രങ്ങളിലെ ചരമ വാര്‍ത്ത വായിച്ച് ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. ബോധം വന്ന ഒരു നിമിഷത്തില്‍ ഭര്‍ത്താവ് ചോദിച്ചു. എന്താ വിജയം ഇത്രയധികം കോളുകള്‍. ഞാന്‍ മരിച്ചുപോയതായി വാര്‍ത്ത വന്നിരിക്കുന്നു എന്ന് എനിക്ക് അദ്ദേഹത്തോട് പറയേണ്ടി വന്നു. അന്നേരം അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അടക്കാനാവാത്ത ഹൃദയവേദനയോടെ ഭര്‍ത്താവ് കണ്ണടച്ചുകിടന്നു. അധികദിവസം കഴിയും മുന്‍പേ അദ്ദേഹം പോകുകയും ചെയ്തു. കഴിഞ്ഞ മാസവും സമൂഹമാധ്യമങ്ങളില്‍ എന്റെ ചരമവാര്‍ത്ത വന്നതായി അറിയാന്‍ കഴിഞ്ഞു. ഈ സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാന്‍ തിരക്കിലായിരുന്നു. തമിഴ് സിനിമയില്‍ എന്നെ കാണാത്തതിനാലാവാം ഞാന്‍ മരിച്ചുപോയതായി ഏതോ വിരുതന്‍ വാര്‍ത്ത എഴുതിപ്പിടിപ്പിച്ചത്.

അദ്ദേഹത്തിനുവേണ്ടി ഞാന്‍ അഭിനയിക്കുന്നു
shree_2017Jan11ha3
മരണക്കിടക്കയില്‍ വച്ച് ഒരു കാര്യം മാത്രമാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഞാന്‍ മരിച്ചാല്‍ വിധവയുടെ വേഷമണിഞ്ഞ് നീ വീട്ടില്‍ ദുഃഖിച്ചിരിക്കരുത്. ഇനിയും, ആയുസ് തീരുന്നതുവരെയും നീ അഭിനയിച്ചുകൊണ്ടിരിക്കണം. തെന്നിന്ത്യ നിന്നെ പുഞ്ചിരിറാണി എന്നാണ് വിളിക്കുന്നത്. ദൈവം തിരിച്ചുവിളിക്കുന്നതു വരെ ആ പുഞ്ചിരി നിന്റെ ചുണ്ടുകളിലുണ്ടാവണം. അഭിനയിക്കാമെന്ന് ഞാനദ്ദേഹത്തിനു വാക്കു നല്‍കുകയും ചെയ്തു. പണത്തിനുവേണ്ടിയോ, പ്രശസ്തിക്കുവേണ്ടിയോ ഇനി അഭിനയിക്കേണ്ടതില്ല. രണ്ടും ആവശ്യത്തിലധികം ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ അഭിനയിക്കുന്നത് ഭര്‍ത്താവിന്റെ ആത്മശാന്തിക്കു വേണ്ടിയാണ്. തിരിച്ചുവരവില്‍ ആഗ്രഹം പോലൊരു കഥാപാത്രം ലഭിക്കുകയും ചെയ്തു. അമൃത ടിവിയിലെ സത്യം ശിവം സുന്ദരത്തില്‍ വള്ളിയമ്മ എന്ന കഥാപാത്രമായി ഞാന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഭര്‍ത്താവിനുവേണ്ടി മാത്രം ഈ അഭിനയജീവിതം.

ഷിജീഷ് കുമാര്‍

Related posts