ഇടമലയാര്‍-വൈശാലി ഗുഹയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

കുട്ടമ്പുഴ -കോതമംഗലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പുതിയതായി വൈശാലി ഗുഹയിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുന്നു. ബസ് സര്‍വിസ് ആരംഭിക്കുന്നതിനു മുന്നോടിയായി ടെസ്റ്റ് റണ്‍ നടത്തുകയുണ്ടായി. രാവിലെ 9.30 നു കോതമംഗലം നിന്നും ആരംഭിക്കുന്ന ബസ് ഇടമലയാര്‍ ഡാം വഴി വൈശാലി ഗുഹ വരെ പോകുകയും ഒരു മണിക്കൂര്‍ നേരത്തെ ഹോല്ടിന്‌ശേഷം തിരികെ കോതമംഗലത്ത് സമാപിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. താളും കണ്ടം , പൊങ്ങന്‍ചുവട് ആദിവാസി ഊരുകളിലേക്കു പോകുന്നതിനുള്ള ഏക വഴിയാണ് ഇടമലയാര്‍ ഡാം കൂടിയുള്ള ഈ റൂട്ട്.

ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത് പാറമടയില്‍ നിന്നും ക്രെഷരിലെക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി നിര്‍മിച്ച ടണല്‍, വൈശാലി സിനിമയുടെ ഷൂട്ടിംഗ് നടന്നതോടെയാണ് വൈശാലി ഗുഹ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇടുക്കി ഡാമിലെ കുറവന്‍ മലയിലും മറ്റൊരു വൈശാലി ഗുഹ ഉണ്ട്, ഭരതന്‍ സംവിധാനം ചെയ്ത വൈശാലി സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത് ഈ രണ്ടു ഗുഹകളിലുമായിട്ടാണ്.

ഇടമലയാര്‍ ഡാം സന്ദര്‍ശിക്കാന്‍ അനുമതി ഉള്ളവര്‍ക്കും , ഔദ്യോഗിക ആവശ്യമുള്ളവര്‍ക്കും, പൊങ്ങന്‍ ചുവട്, താളുംകണ്ടം കോളനിയില്‍ താമസിക്കുന്നവര്‍ക്കും മാത്രമാണ് ഈ വഴി സഞ്ചരിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. രൂക്ഷമായ കാട്ടാനശല്യമുള്ള വഴിയും ആണിത്. പുതിയ ബസ് റൂട്ട് വരുന്നതോടെ സഞ്ചാരികള്‍ക്ക് ഇടമലയാര്‍ ഡാം കാണുന്നതിനും, പവര്‍ ഹൌസ് പുറമേ നിന്ന് കാണുന്നതിനുമുള്ള അവസരമാണ് ലഭിക്കുന്നത്.

Related posts