ഇറങ്ങണമെന്ന് പതിനേഴുകാരി പറ്റില്ലെന്ന് കണ്ടക്ടര്‍ ! വിദ്യാര്‍ഥിനിയെയും കൊണ്ട് പാതിരാത്രിയില്‍ കെഎസ്ആര്‍ടിസിയുടെ യാത്ര; പോലീസുകാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; ഒടുവില്‍ ബസ് നിര്‍ത്തിയതിങ്ങനെ…

രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണമെന്നാണ് നിയമം. എന്നാല്‍ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിനിക്ക് ഇറങ്ങാന്‍ ബസ് നിര്‍ത്തിക്കൊടുക്കാതെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് പാഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. കോട്ടയം പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്ന് രാത്രി എട്ടു മണിക്കാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ഓണ്‍ലൈന്‍ വഴി കോഴിക്കോട്ട് വരെയാണ് വിദ്യാര്‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്.കൂട്ടുകാര്‍ കോഴിക്കോട്ട് ഇറങ്ങിയപ്പോഴാണ് ബസ് കാസര്‍ഗോട്ടേക്ക് ആണെന്ന് വിദ്യാര്‍ത്ഥിനിക്ക് മനസിലാകുന്നത്.

എന്നാല്‍ കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു. പയ്യോളിയില്‍ ബസ് നിര്‍ത്തി തരില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തോളാനും കണ്ടക്ടര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനി 111 രൂപ കൊടുത്ത് കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തു. ഇക്കാര്യം പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെയും വിളിച്ച് കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പയ്യോളി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പയ്യോളി ടൗണിലെത്തിയപ്പോള്‍ കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പാഞ്ഞു. ഇതറിഞ്ഞ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം നല്‍കുകയും രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല. ഇതേതുടര്‍ന്നാണ് ചോമ്പാല പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് ബസ് തടഞ്ഞത്.അപ്പോഴേയ്ക്കും പുലര്‍ച്ചെ മൂന്നുമണിയായിരുന്നു.

ആലപ്പുഴ സ്വദേശികളായ െ്രെഡവറും, കണ്ടക്ടറുമാണ് പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. പയ്യോളിയില്‍ നിന്ന് 24 കിലോമീറ്ററുണ്ട് കുഞ്ഞിപ്പള്ളിയിലേയ്ക്ക്. അവിടെ ആ സമയത്ത് വിദ്യാര്‍ത്ഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന് പോലീസ് ചോദ്യമുയര്‍ത്തിയെങ്കിലും ജീവനക്കാര്‍ക്ക് ഉത്തരമില്ലായിരുന്നു.പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ ഈ സമയം മറ്റു യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. പള്ളിക്കര കെ.സി അബ്ദുല്‍ അസീസിന്റെ മകളാണ് ജീവനക്കാരുടെ ഈ ക്രൂരതയ്ക്ക് ഇരയായത്.

 

Related posts