വെള്ളക്കെട്ടില്‍ കളിച്ചുകൊണ്ടിരുന്നവര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു! വെള്ളത്തില്‍ നിര്‍ത്താന്‍ സാധിക്കാതെ മുന്നോട്ടെടുത്തപ്പോള്‍ ബോണറ്റില്‍ അടിച്ച് അസഭ്യം പറഞ്ഞു; ഇത്ര വൃത്തികെട്ട നാടോ കോട്ടയമെന്ന് സ്ത്രീകളടങ്ങിയ കാര്‍ യാത്രക്കാര്‍

കനത്ത മഴയില്‍ വെള്ളക്കെട്ടായ റോഡിലൂടെ വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മൂവാറ്റുപുഴ- പുനലൂര്‍ സംസ്ഥാന പാതയുടെ ഭാഗമായുള്ള പാലാ പൊന്‍കുന്നം റോഡിലെ കടയത്തു വച്ചാണ് വാഹനത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. വെള്ളക്കെട്ടില്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ അക്രമം അഴിച്ചുവിട്ടത്.

തൃശൂരില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തി തിരിച്ച് പോകുകയായിരുന്നു വിവാഹ സംഘം. കടയത്ത് എത്തിയപ്പോള്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ വേഗം കുറച്ചാണ് വാഹനം മുന്നോട്ട് എടുത്തതെന്ന് വാഹനത്തിലുണ്ടായിരുന്ന ശരത് എന്നയാള്‍ പറയുന്നു. എന്നാല്‍ ഈ സമയം വെള്ളത്തില്‍ ചാടിക്കളിച്ചുകൊണ്ടിരുന്ന ആള്‍കൂട്ടം റോഡിന് നടുവിലേക്ക് എത്തുകയും വാഹനം തടയുകയുമായിരുന്നു.

വാഹനം വെള്ളത്തില്‍ നിര്‍ത്താന്‍ സാധിക്കില്ലാത്തതിനാല്‍ വീണ്ടും മുന്നോട്ട് എടുത്തപ്പോള്‍ ഇവര്‍ ബോണറ്റില്‍ ശക്തമായി അടിച്ച് അസഭ്യം വിളിച്ചു. വാഹനത്തില്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. ഇവരെയും സംഘം വെറുതെ വിട്ടില്ലെന്ന് ശരത്ത് പറയുന്നു. വാഹനത്തിന് മുന്നില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടാനായി ഗ്ലാസ് തുറന്നപ്പോള്‍ ഇവര്‍ സ്ത്രീകള്‍ ഇരുന്ന ഭാഗത്തേക്ക് വെള്ളം കോരിയൊഴിച്ചെന്നും ശരത്ത് പറഞ്ഞു.

വാഹനത്തിന്റെ മുന്നിലുള്ള ഡാഷ്‌ക്യാമില്‍ അക്രമികളുടെ ദൃശ്യം എല്ലാം പതിഞ്ഞിരുന്നു. ഇതു കേരളാ പോലീസ് ആസ്ഥാനത്തിന് കൈമാറിയപ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും ശരത്ത് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് അക്രമികളുടെ ദൃശ്യങ്ങള്‍ വൈറലായത്.

കനത്തമഴയെ തുടര്‍ന്ന് വെള്ളത്തില്‍ കളിക്കാനിറങ്ങുന്നവര്‍ കാട്ടുന്ന ഇത്തരം കോപ്രായത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വീഡിയോ പുറത്തുവന്നതോടെ അന്വേഷണം നടത്താന്‍ പാലാ പോലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്, നമ്പര്‍ പ്ലേറ്റ് എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ശരത് പറയുന്നു.

‘ഇന്നലെ 16/07/18 തിയതി കോട്ടയത്തേക്ക് ഒരു കല്യാണത്തിന് പോയി മടങ്ങും വഴി കോട്ടയം കടയത് വച്ചു എനിക്ക് ഉണ്ടായ അനുഭവം ഒന്ന് കണ്ട് നോക്ക് ?? ഇത് നമ്മുടെ കേരളം തന്നെയോ എന്നൊരു തോന്നല്‍ ഒന്ന് കണ്ട് നോക്കു സ്ത്രീകളെ പോലും വിട്ടില്ല . തലയില്‍ വെളളം കോരി ഒഴിച്ചു ???? കോട്ടയം ഇത്രക് വൃത്തികേട്ട നാട് ആണോ shame’.

Related posts