കുഞ്ചാക്കോയ്ക്ക് ബ്രസീലില്‍ നിന്നൊരു അഭിനന്ദനം! കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത വിശ്വസാഹിത്യകാരന്‍!

chackoകുഞ്ചാക്കോ ബോബന്‍ വലിയ സന്തോഷത്തിലാണ്. തന്റെ പുതിയ സിനിമയായ ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തതാണ് ചാക്കോച്ചനെ സന്തോഷിപ്പിച്ചത്.  ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്. ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ വിശ്വസാഹിത്യകാരനായി മാറിയ പൗലോ കൊയ്‌ലോയുടെ ട്വീറ്റ് ചിത്രത്തിന്റെ പ്രചരണത്തിന് കരുത്തേകും. കുഞ്ചാക്കോ ബോബന്റെ ഉടമസ്ഥതയിലുള്ള ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ. മുപ്പതു വര്‍ഷത്തിനുശേഷമാണ് ഉദയ ഒരു ചിത്രം ഒരുക്കുന്നത്.

രസകരമായ ഫാമിലി കോമഡി ചിത്രമാണിത്. നാട്ടിലെ സകലപ്രശ്‌നങ്ങളിലും ഇടപെടുന്ന തനി ഗ്രാമീണനായ കൊച്ചൌവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്‌നം അപ്പാടെ മാറ്റിമറിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കൊച്ചൌവ്വയെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കും. പൌലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകവും പൌലോ കൊയ്‌ലോയുടെ വാക്കുകളും കൊച്ചൌവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. 101 ചോദ്യങ്ങള്‍ എന്ന ചിത്രം ചെയ്ത സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും സിദ്ധാര്‍ത്ഥ് ശിവയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.

ഓഗസ്റ്റ് രണ്ടാംവാരം റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനുപുറമേ നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, അജു വര്‍ഗ്ഗീസ്, മുത്തുമണി സോമസുന്ദരം, ശ്രീദേവി ഉണ്ണി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts