കുവൈത്തിലെ അനധികൃത താമസക്കാര്‍ക്കു തിരിച്ചു പോകാന്‍ അനുമതിയും സഹായവും നല്‍കും: തലാല്‍ ടി. മറാഫി

nri1കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കു നാട്ടിലേക്കു തിരിച്ചു പോകാന്‍ അനുമതിയും സഹായവും നല്‍കുമെന്ന് കുവൈത്ത് റസിഡന്‍സി വകുപ്പു തലവനും ജനറല്‍ മാനേജരുമായ തലാല്‍ ടി. മറാഫി. എന്നാല്‍ പൊതുമാപ്പ് പ്രഖ്യാപിക്കില്ല. നഴ്‌സുമാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വന്തമായി സൂക്ഷിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ വിലയിടിവിന്റെ പേരില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കു പഴയതുപോലെ തൊഴിലവസരങ്ങള്‍ ഉണ്ടെന്നും മേജര്‍ ജനറല്‍ ദീപികയോടു പറഞ്ഞു.

കുവൈത്തില്‍ 23,951 ഇന്ത്യക്കാര്‍ പല കാരണങ്ങള്‍ കൊണ്ടു അനധികൃത താമസക്കാരായുണ്ടെന്നാണു ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ ഫലത്തില്‍ അനധികൃതരുടെ എണ്ണം ഇതിലും കൂടുതലുണ്ടാകും. ഇവരില്‍ പലരും അവരുടെതായ കുറ്റം കൊണ്ടല്ല അനധികൃതരുടെ പട്ടികയില്‍ വരുന്നതെന്ന് കുവൈത്ത് സര്‍ക്കാരിനറിയാം. സ്‌പോണ്‍സര്‍മാരും ഏജന്റുമാരും വരുത്തുന്ന പിഴവുകളുടെയും തട്ടിപ്പുകളുടെയും ഇരകളാണു പലരും. ഇത്തരക്കാര്‍ക്കു നാട്ടിലേക്കു തിരിച്ചു പോകാന്‍ വേണ്ട അനുമതിയും സഹായവും ചെയ്യും. കേസുകള്‍ ഉള്ളവര്‍ക്ക് ഈ ആനുകൂല്യം കിട്ടില്ല.

സ്വന്തം പേരില്‍ കേസില്ലാത്തവര്‍ക്കെല്ലാം പിഴ അടച്ചാല്‍ നാട്ടില്‍ പോകാനാകും. ഇവര്‍ക്കു വേണമെങ്കില്‍ കുവൈത്തില്‍ തിരിച്ചെത്തി ജോലി ചെയ്യുന്നതിനുള്ള അനുമതിയും സ്ഥിരതാമസത്തിനുള്ള റസിഡന്‍സിയും ലഭിക്കും. നിസാര കുറ്റങ്ങള്‍ക്കു ജയിലില്‍ കഴിയുന്നവര്‍ക്കും മാനുഷിക പരിഗണനയില്‍ പിഴയൊടുക്കിയാല്‍ നാട്ടില്‍ പോകാന്‍ സൗകര്യം ചെയ്യും. എന്നാല്‍ പിഴ ഒടുക്കാത്തവര്‍ക്കും അതിനു കഴിവില്ലാത്തവര്‍ക്കു നാട്ടിലേക്കു പോകാമെങ്കിലും തിരികെ വരാന്‍ അനുമതി നിഷേധിക്കും. നിയമലംഘകരായിട്ടുള്ളവര്‍ക്കു പക്ഷേ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചകളും ലഭിക്കില്ല. ഗൗരവമുള്ള കേസില്‍ പ്രതികളായിട്ടുള്ളവര്‍ക്കു കുവൈത്ത് നിയമപ്രകാരമുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും മേജര്‍ ജനറല്‍ തലാല്‍ മറാഫി വിശദീകരിച്ചു.

മൊത്തം 9.82 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ ഉണ്ടെന്നാണു കണക്ക്. ഇവരില്‍ മൂന്നു ലക്ഷത്തോളം പേര്‍ വീട്ടുജോലിക്കാരാണ്. 2016 ജൂലൈ 23നു ശേഷം വീട്ടുജോലിക്കാര്‍ക്കു വീസ നല്‍കുന്നതു കുവൈത്ത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതായി മേജര്‍ ജനറല്‍ അറിയിച്ചു. ആകെയുള്ള 2,79,000 ഇന്ത്യന്‍ വീട്ടുജോലിക്കാരില്‍ 1,200 പേര്‍ അനധികൃത പട്ടികയിലുണ്ട്. ഇവരില്‍ 18 പേര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള അനുമതി ഉടനെ നല്‍കും. മറ്റുള്ളവരുടെ കാര്യത്തിലും മാനുഷിക പരിഗണന വച്ചു സഹായം ചെയ്യാനാണു ശ്രമം.

സ്‌പോണ്‍സര്‍മാര്‍ അവരുടെ ജോലിക്കാര്‍ക്കു ശമ്പളം കൃത്യമായി നല്‍കുന്നുവെന്ന് ഉറപ്പു വരുത്തുമെന്ന് തലാല്‍ മറാഫി വിശദീകരിച്ചു. ശമ്പളം നല്‍കിയതിന്റെ കൃത്യമായ രേഖയില്ലെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ വീണ്ടും ശമ്പളം നല്‍കേണ്ടി വരും. ശമ്പളം നല്‍കിയതിന്റെ രേഖാമൂലമുള്ള തെളിവ് സ്‌പോണ്‍സര്‍ ഹാജരാക്കണമെന്നതാണ് വ്യവസ്ഥ. ഏതെങ്കിലും സ്‌പോണ്‍സര്‍ ശമ്പളം മുഴുവന്‍ നല്‍കിയില്ലെങ്കില്‍ തൊഴില്‍ അഥോറിറ്റിയിലോ, പോലീസിലോ പരാതിപ്പെടാം. സംസാരിച്ചു പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം ശ്രമിക്കും. വഴങ്ങാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇത്തരം കേസുകളില്‍ സൗജന്യ നിയമസഹായവും നല്‍കും.

വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെയുള്ള അനധികൃത താമസക്കാരുടെ കാര്യത്തില്‍ പരാമവധി ഒരു മാസത്തിനകം ജഡ്ജിമാര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഒരു മാസത്തില്‍ കൂടുതല്‍ നടപടികള്‍ നീളില്ല. തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ കുവൈത്ത് തൊഴില്‍ അഥോറിറ്റിയെയോ, ഇന്ത്യന്‍ എംബസിയെയോ വിവരം അറിയിച്ചാല്‍ സഹായം നല്‍കും. ആവശ്യക്കാര്‍ക്കു സൗജന്യ നിയമ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി വക്കീലന്മാരുടെ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്്. ബ്ലാക് ലിസ്റ്റില്‍ പെട്ടവര്‍ക്കു അവരുടെ കേസ് തീര്‍ത്താല്‍ പട്ടികയില്‍ നിന്നൊഴിവാക്കും.

വീട്ടുജോലിക്കാരും നഴ്‌സുമാരും അടക്കമുള്ള ഇന്ത്യന്‍ ജോലിക്കാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് സ്വന്തം കൈവശം സൂക്ഷിക്കാന്‍ നിയമപരമായ അവകാശമുണ്ട്. തൊഴില്‍ കരാറില്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച പ്രത്യേക വ്യവസ്ഥയില്ലാത്തവര്‍ക്കാണിത്. എന്നാല്‍, വിദേശ ജോലിക്കാര്‍ക്കു അവരുടെ പാസ്‌പോര്‍ട്ട് സ്വയം സൂക്ഷിക്കാന്‍ പാര്‍ലമെന്റ് 2015ല്‍ പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്.

പലതരത്തിലുള്ള ക്രമക്കേടുകളിലും കേസുകളിലും പെട്ട് പോലീസില്‍ നിന്നു ഒളിച്ചു താമസിക്കുന്നവരും കുവൈത്തിലുണ്ട്. സ്‌പോണ്‍സറുടെ അനുമതിയില്ലാതെ കൂടുതല്‍ ശമ്പളത്തിനായി പുതിയ ജോലിയില്‍ കയറുന്നവര്‍ക്കെതിരേ സ്‌പോണ്‍സര്‍ പരാതി നല്‍കുന്നതാണു പലതിലും പ്രശ്‌നമെന്നു മേജര്‍ ജനറല്‍ തലാല്‍ മറാഫി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് കള്ളിവയലില്‍

Related posts