കൊച്ചിയില്‍ മാത്രമല്ല കേരളത്തിലുടനീളം ലസി ഷോപ്പുകള്‍ കൂണുപോലെ, യുവാക്കളും വിദ്യാര്‍ഥികളും ഇടപാടുകാര്‍, പലതും പുറമേ മാത്രം വൃത്തിയുള്ളത്, കൊച്ചിയിലെ നടത്തിപ്പുകാരന്‍ ആസാം സ്വദേശി

കൊച്ചിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയ ലസി നിര്‍മാണ സ്ഥാപനം നടത്തിയിരുന്നത് അസാം സ്വദേശിയെന്നു വിവരം. ഫുഡ് സേഫ്റ്റി വിഭാഗത്തിനാണു അസാം സ്വദേശിയാണു ഗോഡൗണ്‍ നടത്തിവന്നിരുന്നതെന്ന വിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ -പൊറ്റക്കുഴി റോഡിലെ ഇരുനില കെട്ടിടമാണ് ഗോഡൗണ്‍ നടത്തിപ്പിനായി നല്‍കിയിരുന്നത്. പ്രവാസി മലയാളിയുടെ ബന്ധുവാണ് നിലവില്‍ ഈ കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്. ഇയാളെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിടം വാടകയ്ക്കു നല്‍കിയതു സംബന്ധിച്ച് വിവരങ്ങള്‍ ഹാജരാക്കാന്‍ ഫുഡ് സേഫ്റ്റി വിഭാഗം ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാടക കരാര്‍ സംബന്ധിച്ച് വിവരങ്ങള്‍ ഇദ്ദേഹം ഇന്നുതന്നെ കൈമാറുമെന്നാണു അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഈ രേഖകള്‍ പരിശോധിക്കുന്നതില്‍നിന്നു ഗോഡൗണ്‍ നടത്തിപ്പുക്കാരെ സംബന്ധിച്ച് വ്യക്തതയുണ്ടാകൂമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അസാം സ്വദേശിയുടെ നേതൃത്വത്തിലാണു ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണു അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നും തുടര്‍ അന്വേഷണത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇവിടെനിന്നു നഗരത്തിലെ നിരവധി ഷോപ്പുകളിലേക്ക് ലസി എത്തിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ വിവിധ ലസി ഷോപ്പുകളില്‍ പരിശോധന നടത്തി. പരിശോധനകള്‍ ഇന്നും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തിലോ സമീപ പ്രദേശങ്ങളിലോ മറ്റു ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും മറ്റ് എവിടെനിന്നെങ്കിലും ഷോപ്പുകളിലേക്കു ലസി എത്തിക്കുന്നുണ്ടോയെന്നും ഫുഡ് സേഫ്റ്റി വിഭാഗം പരിശോധിക്കുന്നുണ്ട്.

കൊച്ചിയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗത്തും ലസി ഷോപ്പുകള്‍ തഴച്ചു വളരുകയാണ്. പലതും പുറമേ നല്ലരീതിയില്‍ അലങ്കരിച്ച ഷോപ്പുകളാണെങ്കിലും നിര്‍മാണ സ്ഥലത്ത് വൃത്തി ലവലേശം ഇല്ല. എന്നാല്‍ മികച്ച രീതിയില്‍ നടത്തുന്ന കടകളും ഉണ്ട്. യുവാക്കള്‍ക്കിടയില്‍ ലസി തരംഗമായതോടെ ബേക്കറികള്‍ പലതും ലസി ഷോപ്പായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

Related posts