സ്വന്തമായി ഇരതേടാനറിയില്ല; മനുഷ്യരെ കണ്ടാല്‍ വാലാട്ടും; കണ്ണൂരിനെ വിറപ്പിച്ച പുലി നാട്ടില്‍ വളര്‍ന്നത്; തൊപ്പി തെറിക്കാതിരിക്കാന്‍ പതിനെട്ടടവും പയറ്റി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

puliതിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച പുലിയുടെ കാര്യത്തില്‍ പുലിവാലു പിടിച്ച് വനം വകുപ്പ്.കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടന്‍ തന്നെ സുഖ ചികിത്സ നല്‍കി കാട്ടിലേക്ക് തുറന്ന് വിടാന്‍ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഒന്നരമാസത്തിനു ശേഷവും പുലിയെ കാട്ടിലേക്ക് തുറന്നുവിടാനാവില്ലെന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ കെ. ജയകുമാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവ്ം വിവാദമായത്.

പുലി കാട്ടില്‍ വളര്‍ന്നതല്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തറപ്പിച്ചു പറയുന്നു. പുലിയെ കൊണ്ടു വന്ന നാളുകളില്‍ വെറ്റിനറി ഡോക്ടര്‍ ജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് മുയലുകളെയും ഒരാടിനെയും പുലിക്ക് ഇരയായി നല്‍കി. ആദ്യം കൂട്ടിലേക്ക് ഇട്ട മുയലിനെ പുലി പിടിച്ചു കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. രണ്ടാമത് കൂട്ടിലേക്ക് കയറ്റി വിട്ട മുയലിനോടു പുലി ചങ്ങാത്തത്തിലുമായി. ഇതിനിടെ കൂടിനുള്ളില്‍ ഒരാടിന്‍ കുട്ടിയെ എത്തിച്ചുവെങ്കിലും ഒരാഴ്ചയോളം പുലി ഉപദ്രവിച്ചില്ലന്ന് വനം വകുപ്പിലെ വാച്ചര്‍മാര്‍ പറയുന്നു. പുലി കാട്ടില്‍ വളര്‍ന്നതല്ലെന്ന ഡോക്ടറുടെ അഭിപ്രായത്തെ ഉള്‍വനങ്ങളില്‍ ജോലി ചെയ്യുന്ന വനം വകുപ്പിലെ വാച്ചര്‍മാരും പിന്തുയ്ക്കുന്നു.

പുലിയെ ഇപ്പോള്‍ കാട്ടില്‍ തുറന്നു വിട്ടാല്‍ ഒന്നുകില്‍ വിശന്നു ചാവും. അല്ലെങ്കില്‍ മറ്റു മൃഗങ്ങളുടെ ആക്രമണത്തില്‍ ചാവും.രണ്ടായാലും മരണമുറപ്പാണ്. സാധാരണ പുലികളുടെ അത്ര നിറമില്ലാത്തതും സംശയത്തിനിടയാക്കുന്നു. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന പുലികളെ ഷാമ്പൂ ഉപയോഗിച്ച് കുളിപ്പിക്കാറുണ്ട് ഇതാണ് പുലിയുടെ നിറം മങ്ങലിനു കാരണമെന്നു കരുതുന്നു. മലബാര്‍ മേഖലയിലെ ഏതെങ്കിലും സമ്പന്നരുടെ വീടുകളില്‍ ആഢ്യത്വത്തിനായി അതീവ രഹസ്യമായി കൊണ്ടു വന്ന വളര്‍ത്തിയ പുലിക്കുട്ടിയാവാം വളര്‍ന്നു വലുതായതെന്ന സംശയവും ബലപ്പെടുന്നു. പുലി വന്യ സ്വാഭാവം പ്രകടിപ്പിക്കാത്തത് സംബന്ധിച്ച് റിപ്പോര്‍ട്ട് വനം വകുപ്പ് ആസ്ഥാനത്ത് ലഭിച്ചിട്ടും അന്വേഷണം നടത്താത്തത് വനം വകുപ്പിലെ ഉന്നതര്‍ക്കും ഇതില്‍ പങ്കുള്ളതു കൊണ്ടാവാമെന്ന് കരുതുന്നു. പുലി വളരുകയും സംഭവം ഒളിച്ചുവെയ്ക്കാന്‍ കഴിയാതെ വരുകയും ചെയ്തപ്പോള്‍ തുറന്നു വിട്ടാതാകാമെന്നാണ് നിഗമനം.

വന്യജീവി സംരക്ഷണ നിയമപ്രകാരം  പുലിയെ വീട്ടിലോ നാട്ടിലോ വളര്‍ത്തുന്നതോ കാട്ടില്‍ നിന്നും കടത്തിക്കൊണ്ടു വരുന്നതും ഗുരുതരമായ കുറ്റമാണ്. കാട്ടില്‍ നിന്നാണ് ഈ പുലിയെ നാട്ടിലെത്തിച്ചതെങ്കില്‍ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസര്‍ അടക്കം ഒരു ഡസനിലധികം ഉദ്യഗസ്ഥരുടെ തൊപ്പി തെറിക്കും. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ ഒരു മുഴം നീട്ടിയെറിയുകയാണ്. സര്‍ക്കസുകാര്‍ ഉപേക്ഷിച്ചതോ ഗുഡ്്‌സ് ട്രെയിനിലൂടെ ഉത്തരേന്ത്യയില്‍ നിന്ന് കണ്ണൂരിലെത്തിയതോ ആവാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ നാട്ടില്‍ വളര്‍ത്തിയതാണെന്ന ആരോപണത്തില്‍ ഒരു പ്രതികരണവും നടത്താത്തത് സംശയം ജനിപ്പിക്കുന്നു.

ഒരു മാസം കൂടി നിരീക്ഷിച്ച ശേഷം പുലിയെ തിരുവനന്തപുരം മൃഗശാലക്ക് കൈമാറാനാണ് വനം വകുപ്പിന്റെ തീരുമാനം. എന്നാല്‍ പുലി കൂടുകള്‍ അധികം ഇല്ലാത്തതും ആവശ്യത്തിന് പുലി ഉള്ളതും കാരണം മൃഗശാല അധികൃതര്‍ ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. മാര്‍ച്ച് ആദ്യവാരം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള കുറ്റിക്കാട്ടിലാണ് പുലിയെ കണ്ട്ത് .പുലിയുടെ ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.കണ്ണൂര്‍ കോര്‍പറേഷന്റെ തായത്തെരു ഡിവിഷനിലെ കസാനക്കോട്ട കുന്നില്‍ ഹുജറക്കു സമീപമാണ് പുലിയെ ആദ്യം കണ്ടത്. ആളുകള്‍ ഓടിക്കൂടിയതോടെ ഭയന്ന പുലി റെയില്‍വേ ട്രാക്കിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. അവസാനംകോഴിക്കോട് നിന്നും മയക്കു വെടി വിദഗ്ധന്‍ എത്തിയാണ് പുലിയെ മയക്കുവെടി വെച്ചു പിടിക്കുകയായിരുന്നു.

Related posts