Set us Home Page

നടി ആക്രമിക്കപ്പെട്ട കേസിലെ “ലോജിക്കല്‍ തിങ്കിംഗ്’! ദിലീപിന് സോഷ്യല്‍ മീഡിയയില്‍ പിന്തുണ കൂടുന്നു; ഷൈന്‍ ജി എന്നയാള്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Dileep_250617

നടിയെ ഉപദ്രവിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളിൽ കൊണ്ടാടിയിരുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസവും അതിന്‍റെ തൊട്ടടുത്ത ദിവസവും നടനെതിരേ യുവജന സംഘടനകളുടെയും വനിത സംഘടനകളുടെയും പൊതു ജനങ്ങളുടെയും എല്ലാം വൻ പ്രതിഷേധം അരങ്ങേറുകയും ചെയ്തു. നടനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചപ്പോൾ തെളിവെടുക്കാൻ കൊണ്ടുപോയ പ്രദേശങ്ങളിലെല്ലാം ജനം പിന്നാലെ നടന്നു കൂകി. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.

പ്രതിഷേധങ്ങൾ ദിലീപിനെതിരേ അണപൊട്ടിയപ്പോഴും ഒറ്റപ്പെട്ട അനുകൂല ശബ്ദവും നവമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ വ്യാഴാഴ്ച മുതൽ ദിലീപിന് സോഷ്യൽ മീഡിയയിൽ പിന്തുണ ഏറുകയാണ്. നടനെ ചിലർ ചേർന്ന് ബോധപൂർവം പെടുത്തിയതാണെന്നാണ് ഇവരുടെ അവകാശവാദം. അവർ അതിന് അവരുടേതായ വാദങ്ങളും നിരത്തുന്നുണ്ട്. എന്നാൽ ദിലീപിനെ പിന്തുണയ്ക്കാൻ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് തന്നെ രംഗത്തുണ്ടെന്ന വാദവും നിലനിൽക്കുന്നുണ്ട്.

ദിലീപിന്‍റെ ജാമ്യഹർജിയിൽ ശനിയാഴ്ച അങ്കമാലി കോടതി വിധി പറയാനിരിക്കേ സോഷ്യൽ മീഡിയയിൽ “ലോജിക്കൽ തിങ്കിംഗ്’ എന്ന പേരിൽ ഷൈൻ ജി എന്നയാൾ എഴുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.

നടി ആക്രമണ കേസ് സാധ്യതകൾ (ലോജിക്കൽ തിങ്കിംഗ് പ്രകാരം)

1. യുവനടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നൽകി ക്വട്ടേഷൻ കൊടുത്തു.

ഇതാണ് സത്യമെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നിൽക്കാനല്ലെ നടൻ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തിൽ പെടാൻ മാത്രം മണ്ടനോ, കൊടുക്കാൻ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയൻ. ഇനി ജയിലിൽ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തന്നെ അക്കാര്യത്തിൽ ക്വട്ടേഷൻ നൽകിയ ആൾക്കുള്ള തടസങ്ങൾ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാൽ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാൾ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കിൽ ജയിലിൽ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോൾ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?

2. മറ്റു “പ്രമുഖർ’ നടനെ കുടുക്കാൻ ചെയ്യിപ്പിച്ച ക്രൂര കൃത്യം!

ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാൻ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാൻ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. “മറ്റു പ്രമുഖർ’ തയാറാക്കിയ പദ്ധതിയായിരുന്നെങ്കിൽ തിരക്കഥയനുസരിച്ച് ആദ്യം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.

3. ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോൽപ്പിക്കാൻ കഴിയാത്ത വിരോധമുള്ള ഒരാളെ തോൽപ്പിക്കാൻ ഒരു ക്രിമിനലുമായി ചേർന്നു നടത്തിയ നാടകം!

ഈ നടി അതിനും മാത്രം വലിയ “നടി’യല്ല. മാന്യയായ ഒരു സ്ത്രീയും തന്നെ മാനം ഹനിക്കുന്ന ഇത്തരമൊരു മൊഴി നൽകില്ല. കാറിൽ നിന്നു ലഭിച്ച തെളിവുകളും ഈ സാദ്ധ്യത തള്ളി കളയുന്നു.

4. നടന്‍റെ മറ്റു ശത്രുക്കൾ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്‍റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കിൽ ഇത്തരമൊരു സൂചന നൽകുന്നുണ്ട്.

ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കിൽ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാൾ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാൽ ആ ചതിയൻമാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്‍റെ പരിചയത്തിലുള്ളവരാണെങ്കിൽ നടന്‍റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.

5. അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത. പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രക്ഷപെടാൻ പിറകിൽ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്‍റെ പേരിൽ സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമാനായ ഒരു സഹതടവുകാരന്‍റെ (നിയമ വിദ്യാർത്ഥി? അല്ലെങ്കിൽ ഒരു പത്രക്കാരൻ (കാരണം കത്തിലെ വിദഗ്ധ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.

ഇതാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ള കാര്യം. ആയിരം നിരപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടിൽ ഒരു തെളിവു പോലുമില്ലാതെ ഒരാൾ ക്രൂശിക്കപ്പെടുമ്പോൾ നമുക്ക് അയാൾക്കു വേണ്ടി ഒരുമിക്കാം.

ഷൈൻ.ജി

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS