വിദ്യാഭ്യാസം വെറും അഞ്ചാം ക്ലാസ്. ഉപഭോക്തൃമേഖലയില്‍ രാജ്യത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന സിഇഒ ഈ 94കാരന്‍; മസാല രാജാവായ മഹാശയ് ധരംപാല്‍ ഗുലാത്തിയേക്കുറിച്ചറിയാം…

mdhമുംബൈ:രാജ്യത്തെ പ്രമുഖ ബിസിനസുകാരുടെ പടം ഒരിക്കലെങ്കിലും ഏതെങ്കിലും ബിസിനസ് മാഗസിന്റെ കവറാകാറുണ്ട്. എന്നാല്‍ 94കാരനായ മഹാശയ് ധരംപാല്‍ ഗുലാത്തി അക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥനാണ് ഒരിക്കല്‍പോലും ഇദ്ദേഹം ബിസിനസ് മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിരുന്നാല്‍ ഇദ്ദേഹത്തിന്റെ മുഖം കോടിക്കണക്കിന് ജനങ്ങള്‍ക്ക് പരിചിതമാണ്. കാരണം ഇവരുടെയൊക്കെ അടുക്കളകളില്‍ വേവുന്നത് ഇദ്ദേഹത്തിന്റെ രൂപം ആലേഖനം ചെയ്ത കവറുകളില്‍ വരുന്ന മസാലയുപയോഗിച്ചുള്ള കറികളാണ്. മഹാശിയാന്‍ ദീ ഹത്തി(എംഡിഎച്ച്) മസാലകളുടെ പാക്കറ്റുകളില്‍ തലപ്പാവണിഞ്ഞ് ഗുലാത്തി പ്രത്യക്ഷപ്പെടുന്നു. ടെലിവിഷന്‍ പരസ്യങ്ങളിലും ഇദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു.

പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ജനിച്ച അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഗുലാത്തിയുടെ വാര്‍ഷിക ശമ്പളം കേട്ടാല്‍ ഞെട്ടിപ്പോകും. 21 കോടി രൂപ. ഇന്ത്യയില്‍ കണ്‍സ്യൂമര്‍ രംഗത്ത് ഒരു സിഇഒയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും വലിയ ശമ്പളമാണിത്. ഗോദറേജ് കണ്‍സ്യൂമറിന്റെ ആദി ഗോദറേജ്,വിവേക് ഗംഭീര്‍. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സഞ്ജീവ് മേത്ത, ഐടിസിയുടെ വൈസി ദേവേശ്വര്‍.എന്നിവരെയൊക്കെ പിന്തള്ളിയാണ് ഗുലാത്തി അപ്പൂപ്പന്‍ ഒന്നാമനായത്. എംഡിഎച്ചിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 15 ശതമാനം വര്‍ധിച്ച് ഏകദേശം 924 കോടി രൂപയായി. അതുപോലെ തന്നെ ലാഭവിഹിതം 24 ശതമാനം വര്‍ധിച്ച് 213 കോടി രൂപയായി.

ആളുകള്‍ സ്‌നേഹത്തോടെ ദാദാജി എന്നും മഹാശയ്ജി എന്നും വിളിക്കുന്ന ഗുലാത്തിയുടെ ദിനചര്യകള്‍ ഫാക്ടറികളും മാര്‍ക്കറ്റുകളും  സന്ദര്‍ശിക്കുന്നതിനു പ്രാമുഖ്യം കൊടുത്തുള്ളതാണ്. ഞായറാഴ്ചകളില്‍ പോലും ഗുലാത്തിയ്്ക്ക് വിശ്രമമില്ല. കമ്പനിയുടെ 80 ശതമാനം ഓഹരികള്‍ കൈയ്യാളുന്നതും മറ്റാരുമല്ല.”ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കൊടുക്കുക എന്ന ലക്ഷ്യമാണ് എന്നെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്റെ ശമ്പളത്തിന്റെ 90 ശതമാനം ശമ്പളവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്”. ഗുലാത്തി പറയുന്നു. ഗുലാത്തി എംഡിഎച്ചില്‍ ചേര്‍ന്നിട്ട് 60 വര്‍ഷം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു.

ബിസിനസില്‍ പിതാവാണ് ഗുലാത്തിയുടെ മാര്‍ഗ ദര്‍ശി. ഇദ്ദേഹത്തിന്റെ പിതാവ് ചുനി ലാല്‍ സിയാല്‍ക്കോട്ടില്‍ 1919ല്‍ ആരംഭിച്ച ചെറിയ കടയില്‍ നിന്നും 1500 കോടിരൂപയുടെ വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള വളര്‍ച്ച പടിപടിയായിരുന്നു.20 സ്‌കൂളുകളും ആശുപത്രികളും ഇവര്‍ നടത്തുന്നുണ്ട്. ഇന്ത്യാ വിഭജനത്തിനു ശേഷം ഗുലാത്തിയുടെ കുടുംബം ഡല്‍ഹിയിലെ കരോള്‍ബാഗിലേക്കു കുടിയേറി. ഇപ്പോള്‍ 15 ഫാക്ടറികളും 1000 ഡീലര്‍മാരും ഇവര്‍ക്ക ഇന്ത്യയിലുണ്ട്. ദുബായിലും ലണ്ടനിലും എംഡിഎച്ചിന് ഓഫീസുണ്ട്. 100ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ഇദ്ദേഹത്തിന്റെ മകനാണ് ബിസിനസിന്റെ മൊത്തച്ചുമതല. പെണ്‍മക്കള്‍ ആറുപേരും ചേര്‍ന്നാണ് വിതരണ കാര്യങ്ങള്‍ നോക്കുന്നത്. കര്‍ണാടക,രാജസ്ഥാന്‍ തുടങ്ങി അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും വരെ സുഗന്ധ ദ്രവ്യങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ മസാലക്കൂട്ടുകള്‍ നിര്‍മിക്കുന്നത്. എസ്.നരേന്ദ്ര കുമാറിന്റെ എവറസ്റ്റ് ബ്രാന്‍ഡ്, ഡിഎസ് ഫുഡ്‌സ്, രാംദേവിന്റെ പതജ്ഞലി, ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ തുടങ്ങിയ കമ്പനികളുമായാണ് എംഡിഎച്ചിന്റെ മത്സരം. ഓരോ പ്രദേശത്തുമുള്ള ആളുകളുടെ രുചിയ്ക്കനുസരിച്ച് മസാലയൊരുക്കുന്നത് ഒരു വെല്ലുവിളിയാണെന്നാണ് എഫ്എംസിജി( ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) പ്രസിഡന്റ് ദേവേന്ദ്ര ചൗള പറയുന്നത്. ചൈനീസ്, തായ്, ഇറ്റാലിയന്‍ ഭക്ഷണങ്ങളേപ്പോലെ ഇന്ത്യന്‍ ഭക്ഷണവും ലോകത്തിന്റെ പ്രീതിപിടിച്ചു പറ്റാന്‍ പോന്നതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 60ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ എംഡിഎച്ചിന്റേതായി വിപണിയിലുണ്ട്. ദെഗി മിര്‍ച്ച്, ചാറ്റ് മസാല, ചന്നാ മസാല എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് മസാലകള്‍ പുറത്തിറക്കുന്നത്. ഒരോ വിഭാഗത്തിലും ഒരു കോടിയിലധികം മസാലകള്‍ ഓരോ മാസവും വിറ്റുപോകുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ വലിയ വിപണന സാധ്യതയാണുള്ളതെന്നും ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വന്‍ വില്‍പ്പനയുണ്ടാക്കാമെന്നും എംഡിഎച്ചിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് രജീന്ദര്‍ കുമാര്‍ പറയുന്നു. തങ്ങളുടെ മാര്‍ഗം പിന്തുടര്‍ന്ന് മറ്റു കമ്പനികളും ഉല്‍പന്നങ്ങളുടെ വിലകുറയ്ക്കുന്നുണ്ടെന്നും രജീന്ദര്‍ പറയുന്നു. മറ്റുള്ളവരുമായുള്ള നേരിയ അകലം നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും രജീന്ദര്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷവും നേട്ടം ആവര്‍ത്തിക്കുകയാവും മഹാശയ് ധരംപാല്‍ ഗുലാത്തി എന്ന മസാല രാജാവിന്റെ ലക്ഷ്യം.

Related posts