മമ്മൂക്കയുടെ ബിരിയാണി വിളമ്പലിന് നൂറ് വയസ്! ഷൂട്ടിംഗ് ലൊക്കേഷനിലെ വര്‍ഷങ്ങളായുള്ള ബിരിയാണി വിളമ്പലിന് കാരണക്കാരനായത് മോഹന്‍ലാല്‍!

mamoootyy-biriyani.png.image.470.246

മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ഒരു ദിവസം എല്ലാവര്‍ക്കും ഫ്രീയായി ബിരിയാണി ഉണ്ടാകും എന്നത് സിനിമയുമായി അടുപ്പമുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ബിരിയാണി സ്‌പോണ്‍സര്‍ ചെയ്യുന്നത് മമ്മൂട്ടിയായിരിക്കും. വര്‍ഷങ്ങളായുള്ള പതിവാണിത്. മമ്മൂട്ടിയുടേതായി ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുത്തന്‍പണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലും ബിരിയാണി ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ ബിരിയാണി വിളമ്പലിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മമ്മൂട്ടി ബിരിയാണി നല്‍കുന്ന നൂറാമത്തെ സെറ്റാണ് ഈ സിനിമ. മട്ടന്‍ ബിരിയാണിയായിരുന്നു ഇത്തവണത്തെ സ്‌പെഷല്‍. കണ്ണൂര്‍ തളിപ്പറമ്പിലെ പാലസ് കിച്ചന്‍സ് കാറ്ററിങ് ഉടമ അബ്ദു, മമ്മൂട്ടിയുടെ ക്ഷണപ്രകാരം കോഴിക്കോട്ട് നേരിട്ടെത്തിയാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. കോഴിക്കോട് ഹോട്ടല്‍ മഹാറാണിയിലായിരുന്നു പരിപാടി. സംവിധായകന്‍ രഞ്ജിത് അടക്കം നൂറ്റമ്പതുപേര്‍ക്കാണ് ബിരിയാണി വിളമ്പിയത്.

ഇത്തരത്തില്‍ ഷൂട്ടിംഗ് സെറ്റില്‍ ബിരിയാണി വിളമ്പാന്‍ തുടങ്ങിയതിന് പിന്നില്‍ അധികമാര്‍ക്കുമറിയാത്ത ഒരു കഥയുമുണ്ട്. അതും സിനിമയുമായി ബന്ധപ്പെട്ടതാണ്. മമ്മൂക്കയുടെ വാക്കുകളില്‍ തന്നെ കേള്‍ക്കാം: ‘ചൂടാക്കിയ വാഴയിലയില്‍ വെളിച്ചെണ്ണ പുരട്ടി, അതില്‍ ചൂട് ചോറും അച്ചാറും മീന്‍ പൊള്ളിച്ചതും മുട്ടപൊരിച്ചതും വച്ച്, ഇല ചതുരത്തില്‍ പൊതിഞ്ഞ് വാഴനൂലിട്ട് കെട്ടി, വീണ്ടും പത്രക്കടലാസില്‍ പൊതിഞ്ഞാണ് സ്‌കൂളില്‍ പോകുമ്പോള്‍ ഉമ്മ ഞങ്ങള്‍ക്ക് ചോറ് തന്നുവിട്ടിരുന്നത്. ഇടയ്ക്കിടെ ഇത്തരത്തില്‍ ഇലയില്‍ പൊതിഞ്ഞ ചോറ് കഴിക്കാന്‍ തോന്നും. ഒരിക്കല്‍ ഹരികൃഷ്ണന്‍സിന്റെ സെറ്റില്‍ വച്ച് പൊതിച്ചോറ് കഴിയ്ക്കാന്‍ കൊതി തോന്നി. പിറ്റേന്ന് ഭാര്യയോട് പറഞ്ഞ് പണ്ട് ഉമ്മയുണ്ടാക്കുന്നതുപോലെ പൊതിയുണ്ടാക്കി സെറ്റിലേയ്ക്ക് കൊടുത്തുവിടാന്‍ ഏര്‍പ്പാടാക്കി. പൊതിച്ചോറെത്തിയപ്പോള്‍ മോഹന്‍ലാല്‍ അടുത്തുവന്ന് പൊതി അഴിച്ചു. നല്ലരുചിയുണ്ടല്ലോ എന്ന് പറഞ്ഞ് മുഴുവന്‍ ഒറ്റയടിക്ക് അകത്താക്കി. അന്ന് ഞാന്‍ പട്ടിണിയായി.

പിറ്റേദിവസം എനിക്കും ലാലിനും ഉള്‍പ്പെടെ നാലഞ്ച് പൊതിച്ചോറ് എത്തിച്ചു. ഓരോദിവസം കഴിയുന്തോറും ആവശ്യക്കാരുടെ എണ്ണം കൂടിക്കൂടി വന്നു. പൊതിച്ചോറിന്റെ എണ്ണം പത്തും പതിനഞ്ചും ഒക്കെയായി. പിന്നീട് പൊതിച്ചോറെന്നത് പരിഷ്‌കരിച്ചത് ബിരിയാണിയാക്കി. അതായത് ഷൂട്ടിംഗ് സമയത്ത് ഒരു ദിവസത്തെ ഭക്ഷണം എന്റെ വക. ഹരികൃഷ്ണന്‍സില്‍ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നില്‍ ഇരുന്നപ്പോള്‍ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമായിരുന്നു. നല്ല ഭക്ഷണത്തെ കുറ്റം പറയാന്‍ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീന്‍.  അതായിരുന്നു ശരിക്കുള്ള എന്റെ അഭിനയം. കാരണം, നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു, ഒപ്പം, ചീത്ത ഭക്ഷണമാണെന്ന മട്ടില്‍ അഭിനയിക്കുന്നു.’

 

Related posts