ഇതു താന്‍ടാ പോലീസ് ! പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മനംനൊന്ത് യുവാവ് കുടുംബവുമായി സ്‌റ്റേഷനിലെത്തി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ടെമ്പോ ഡ്രൈവര്‍ പാലോട് സ്‌റ്റേഷനു മുമ്പിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ തലവഴി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നന്ദിയോട് ആലംപാറ സ്വദേശി സുനില്‍കുമാറിനെ ഒടുവില്‍ പൊലീസുകാര്‍ തന്നെ രക്ഷിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് കേസുമെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തു. സുനില്‍കുമാറും ഭാര്യാസഹോദരന്‍ പെരിങ്ങമ്മല സ്വദേശി കിച്ചുവും കാറിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് പാലോട് എസ്.ഐയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് പാപ്പനംകോട് മുണ്ടന്‍ പാലത്തിനടുത്തുള്ള വാഹന സര്‍വീസ് സെന്ററില്‍ കാര്‍ സര്‍വീസ് ചെയ്യാനാണ് സുനില്‍കുമാര്‍ വന്നത്.

പൊലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച സുനില്‍കുമാറിനെയും കിച്ചുവിനെയും റോഡിലിട്ടും ജീപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. പൊതുനിരത്തിലിരുന്ന് മദ്യപിച്ചെന്നും ചോദ്യം ചെയ്ത എസ്.ഐയെ അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ജാമ്യത്തിലിറക്കിയത്. ക്രൂരമര്‍ദ്ദനത്തില്‍ അവശരായ സുനില്‍കുമാറും കിച്ചുവും പാലോട് ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. കിച്ചുവിനെ  ആശുപത്രിയില്‍ കിടത്തിയശേഷം സുനില്‍ കുമാര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഭാര്യയെയും ഏഴും പത്തും വയസുള്ള രണ്ട് ആണ്‍മക്കളെയും കൂട്ടിയാണ് സുനില്‍കുമാര്‍ ആത്മഹത്യ ചെയ്യാനായി പെട്രോളും വാങ്ങി സ്റ്റേഷനിലെത്തിയത്.

Related posts