കോട്ടയംകാരി മഞ്ജു ലക്സണ് ബ്രിട്ടനിൽ ഉന്നതനിയമനം

manju_0104ലണ്ടൻ: ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ്വർക്കിൽ(സിആർഎൻ) അസിസ്റ്റൻറ് റിസർച്ച് ഡെലിവറി മാനേജരായി കോട്ടയംകാരി മഞ്ജു ലക്സണ്‍ നിയമിതയായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിന്‍റെ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയിൽ ക്വാളിറ്റി ലീഡായി ജോലി ചെയ്തുവരവെയാണ് മഞ്ജുവിന്‍റെ പുതിയ നിയമനം.

കെഎസ്ഇബി മുൻ എൻജിനിയറും യുകെയിലെ ഒഐസിസി നേതാവുമായ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ. ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിക്കലിന്‍റെ ഭാര്യയും കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളുമാണ് മഞ്ജു. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്.

2001ൽ യുകെയിലെത്തിയ മഞ്ജു മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്വാൻസ്ഡ് നഴ്സിംഗ് സ്റ്റഡീസിൽ എംഎസ് സി ബിരുദം നേടി. ഇക്കാലയളവിൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷണങ്ങളിലും പങ്കാളിയായി. സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിൽ ട്രാഫോർഡ് ആശുപത്രികളുടെയും അക്യുട്ട് മെഡിസിൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെയും ഡിവിഷണൽ റിസർച്ച് മാനേജരായും പ്രവർത്തിച്ച മഞ്ജു മാഞ്ചസ്റ്റർ മെട്രോപ്പോളിറ്റൻ യൂണിവേഴ്സിറ്റിയിൽ ഹോണററി സ്റ്റാഫുമാണ്.

ബ്രിട്ടന്‍റെ ചരിത്രത്തിൽ ആദ്യമായി റിസർച്ച് കൾച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയ മഞ്ജു, ജൂണ്‍ 28നാണ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്.

Related posts