മ​ജീ​ദിന്‍റെയും റം​ല​യുടെയും സ്നേ​ഹ​ത്ത​ണ​ലി​ൽ മ​ഞ്ജുവിന് മാംഗല്യം;  നല്ലരീതിയിൽ  വിവാഹം കഴിച്ചയപ്പിക്കണമെന്ന ആഗ്രഹം സഫലമായതിന്‍റെ സന്തോഷത്തിൽ ഇരുവരും

കു​ന്ന​മം​ഗ​ലം: ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യാ​യ മ​ഞ്ജു​വി​ന്‍റെ ജീ​വി​ത​ത്തി​ൽ പ്ര​കാ​ശം പ​ര​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് പെ​രി​ങ്ങ​ളം ചൊ​ര​ങ്ങാ​ട​ൻ വീ​ട്ടി​ൽ സി.​വി. മ​ജീ​ദും ഭാ​ര്യ റം​ല​യും.13 വ​ർ​ഷം മു​ന്പ് സ്വ​ന്തം കു​ടും​ബ​ത്തി​ലേ​ക്ക് വ​ന്ന ഈ​ങ്ങാ​പ്പു​ഴ പൂ​ലോ​ട് വീ​ട്ടി​ൽ മാ​ളു-​രാ​ഘ​വ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ മ​ഞ്ജു​വി​നെ ന​ല്ല രീ​തി​യി​ൽ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം ഇ​വ​ർ​ക്ക് ചെ​റു​ത​ല്ല.

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന മ​ഞ്ജു​വെ​ന്ന കു​ഞ്ഞുകു​ട്ടി​യെ കൂ​ടെ കൂ​ട്ടി, പി​ന്നെ സ്വ​ന്തം മ​ക്ക​ളാ​യ സു​ലൈ​ഖ,സു​മ​യ്യ,ജു​നൈ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം വ​ള​ർ​ത്തി സ്നേ​ഹ​മാ​ണ് ത​ന്‍റെ മ​ത​മെ​ന്ന് ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ജീ​ദും കു​ടും​ബ​വും.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത മ​ജീ​ദി​ന്‍റെ ഭാ​ര്യവീ​ടാ​യ ഈ​ങ്ങാ​പ്പു​ഴ ത​റ​വ​ട്ട​ത്ത് ക​ര​ണി​ച്ചാ​ൽ ത​റ​വാ​ട്ടി​ൽ ജോ​ലി​ക്ക് വ​രു​മാ​യി​രു​ന്ന പൂ​ലോ​ട് വീ​ട്ടി​ൽ മാ​ളു​വി​ന്‍റെ​യും രാ​ഘ​വ​ന്‍റെ​യും മ​ക​ൾ മ​ഞ്ജു​വി​നോ​ട് തോ​ന്നി​യ വാ​ത്സ​ല്യം പ​ത്താ​മ​ത്തെ വ​യ​സി​ൽ ആ ​കൊ​ച്ചു മി​ടു​ക്കി​യെ കൂ​ടെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യി.

പി​ന്നീ​ടുള്ള 13 വ​ർ​ഷ​ങ്ങ​ൾ അ​വ​ൾ​ക്കു ജീ​വി​ക്കാ​ൻ വേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളു​ടെ സ്ഥാ​ന​ത്തി​രു​ന്നു മ​ജീ​ദും ഭാ​ര്യ റം​ല​യും സാ​ധി​ച്ചു ന​ൽ​കി. പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ മ​ഞ്ജു​വി​നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​നുശേ​ഷം എംഎ​ൽടിയ്ക്ക് പ​ഠി​പ്പി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം. ശേ​ഷം കിം​സി​ലും കി​സ്‌​വ​യു​ലു​മൊ​ക്കെ ജോ​ലി ചെ​യ്‌​തെ​ങ്കി​ലും തു​ട​രാ​ൻ സാ​ധി​ച്ചി​ല്ല.

മ​ഞ്ജു​വി​നെ ന​ല്ല രീ​തി​യി​ൽ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മാ​യി​രു​ന്നു മ​ജീ​ദി​നും റം​ല​യ്ക്കും ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. ഈ ​ആ​ഗ്ര​ഹ​വും ഇ​ന്ന​ലെ പൂ​വ​ണി​ഞ്ഞു. ഹൈ​ന്ദ​വ മ​താ​ചാ​ര പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം.

ഇ​ന്ന​ലെ രാ​വി​ലെ 10.30നും 11​നും ഇ​ട​യി​ലു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ കൂ​ഴ​ക്കോ​ട് ധ​ന്വ​ന്ത​രി ന​ര​സിം​ഹ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ചാ​ത്ത​മം​ഗ​ലം കൂ​ഴ​ക്കോ​ട് സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ണ് മ​ഞ്ജു​വി​നെ ജീ​വി​ത സ​ഖി​യാ​യി സ്വീ​ക​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഇ​വ​രു​ടെ വീ​ട്ടി​ൽ മൈ​ലാ​ഞ്ചി ക​ല്യാ​ണ​വും പ്രാ​ർ​ഥ​ന​യും വി​വാ​ഹ സ​ത്കാ​ര​വും ഒ​രു​ക്കി​യി​രു​ന്നു. നാ​ടി​ന്‍റെ ഉ​ത്‌​സ​വ​മാ​യി മാ​റി​യ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.

Related posts