എല്ലാ പിന്‍തുണയുമായി ബാപ്പയും..! മതത്തിന്റെ അതിര്‍വരമ്പുകളില്ല; മന്‍സിയ ഇനി കലയെ ‘വിധിക്കും’

mansiyaകോഴിക്കോട്: മതചിന്തകള്‍ക്കതീതമായി കലയെ ജീവിതത്തോട് ചേര്‍ത്തുപിടിച്ച നര്‍ത്തകി കഴിഞ്ഞ ദിവസം കേരളനടനം നടന്ന പ്രധാന വേദിയിലുണ്ടായിരുന്നു. വേദിയില്‍ ചിലങ്ക കെട്ടിയാടാനല്ല, മറിച്ച് കൗമാരകലാപ്രകടനത്തെ വിലയിരുത്താന്‍…നൃത്തം ശാസ്ത്രീയമായി അഭ്യസിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തില്‍ ഒറ്റപ്പെട്ട മന്‍സിയ തളര്‍ന്നിരിക്കുകയായിരുന്നില്ല, പിച്ചവച്ച് പടവുകള്‍ കയറുകയായിരുന്നു.

റവന്യൂ ജില്ലാ കലോത്സവത്തിലെ നൃത്തവേദികളിലെ പ്രധാന വിധികര്‍ത്താവാണ് മന്‍സിയ ഇപ്പോള്‍. മന്‍സിയ വിധിയെഴുതുന്ന ആറാമത്തെ ജില്ലാ കലോത്സവമാണിത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ടതുമൂലം നൃത്തത്തെ പടിക്കുപുറത്തുനിര്‍ത്താന്‍ മതനേതാക്കളും സമൂഹവും ഒരുപോലെ ഇടപെട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. നൃത്തത്തെ അറിയാന്‍ ശ്രമിച്ചതിന്റെ പേരില്‍  മഹല്ലില്‍നിന്നും പുറത്താക്കിയിട്ടും തളരാതെ മക്കളുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനിന്ന ബാപ്പ അലവിക്കുട്ടിയും, ഉമ്മ ആമിനയുമാണ് ഈ മകളുടെ ഏറ്റവും വലിയ കരുത്ത്.

മുസ്‌ലിം പെണ്‍കുട്ടികളായതിനാല്‍  തന്നെ നൃത്തം അഭ്യസിക്കുകയെന്നത് ഏറ്റവും വലിയ പാതകമായാണ് സമൂഹം മുഴുവന്‍കണ്ടത്. അന്നു നഷ്ടപ്പെട്ടതാണ് മന്‍സിയയ്ക്ക് തന്റെ കാലുകളെ ചിലങ്കയില്‍നിന്നു വിലക്കുന്ന മതത്തിനോടുള്ള വിശ്വാസം. എതിര്‍പ്പുകളെ വകവയ്ക്കാതെ നൃത്തത്തില്‍ തുടര്‍പഠനം നടത്തി.  കഴിവു തെളിയിച്ച നര്‍ത്തകരായിട്ടും മന്‍സിയക്കും ചേച്ചി റൂബിയയ്ക്കും നാട്ടിലെ എല്ലാ കലാപരിപാടികളിലും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു.

പഠിച്ച സ്‌കൂളില്‍ നിന്നുപോലും വേണ്ടത്ര പ്രോത്സാഹനങ്ങളോ അവസരങ്ങളോ  ലഭിച്ചില്ല. അപ്പോഴും എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് ബാപ്പ കൂടെത്തന്നെയുണ്ടായിരുന്നു. പിതാവ്  ഇടതുപക്ഷ അനുഭാവിയും നാടകകലാകരനുമായിരുന്നതിനാല്‍ തന്നെ തങ്ങള്‍ക്കെതിരായി ഉണ്ടായിരുന്നത് മത വിശ്വാസം മാത്രമല്ല,  രാഷ്ട്രീയപ്രേരിത താല്‍പര്യങ്ങളുമായിരുന്നുവെന്ന് ഇവര്‍ വിശ്വസിക്കുന്നു. മന്‍സിയ ഇപ്പോള്‍ ഭരതനാട്യത്തില്‍ ബിരുദാനന്തരബിരുദം നേടിക്കഴിഞ്ഞു.

Related posts