മാനുഷി അതിമനോഹരി! ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി എന്ത്..? എന്തുകൊണ്ട്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരവും, ജീവിതവും…

‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ഇരുപതുകാരിയായ മാനുഷി ചില്ലറിനോട് വിധികർത്താക്കൾ ചോദിച്ച ചോദ്യമിതാണ്. ഏറെ കുഴപ്പിക്കുന്ന ചോദ്യം. പക്ഷേ മാനുഷിക്ക് ഉത്തരം പറയാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. അവർ പറഞ്ഞു: അമ്മ. “അമ്മയാണ് ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി. എന്‍റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. അമ്മ നല്കുന്ന സ്നേഹവും പരിഗണനയും പണംകൊണ്ട് അളക്കാവുന്നതല്ല. സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– മാനുഷി പറഞ്ഞു. എത്ര കൃത്യമായ ഉത്തരം..! ലോകസുന്ദരിയായി മാനുഷിയെ തീരുമാനിക്കാൻ വിധികർത്താക്കൾക്ക് തെല്ലും ആലോചിക്കേണ്ടിവന്നില്ല. അറുപത്തിയേഴാമത് മിസ് വേൾഡ് കിരീടം കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർ‌ട്ടറിക്ക സ്റ്റെഫാനി മാനുഷിയുടെ തലയിൽ അണിയിക്കുമ്പോൾ അമ്മയടക്കം കുടുംബാംഗങ്ങൾ ആ സുന്ദരമുഹൂർത്തത്തിന് സാക്ഷിയായി.

2017ലെ ഫെമിന മിസ് ഇന്ത്യയാണ് ഹരിയാനയിലെ സോണിപത് ഭഗത്ഫൂൽസിംഗ് മെഡിക്കൽ കോളജ് വിദ്യാർഥിനിയായ മാനുഷി ചില്ലർ. 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരിപ്പട്ടം അണിഞ്ഞത്. മാനുഷിയുടെ പിതാവ് ഡോ. മിത്ര ബാസു ചില്ലർ ഡിആർഡിഒയിൽ ശാസ്ത്രജ്ഞനാണ്. അമ്മ ഡോ. നീലം ചില്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ ന്യൂറോ കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ് മേധാവിയാണ്.

ഡൽഹിയിലെ സെന്‍റ് തോമസ് സ്കൂളിലായിരുന്നു മാനുഷിയുടെ പ്രാഥമിക വിദ്യാഭ്യാസം. കാർഡിയാക് സർജനാകണമെന്നായിരുന്നു മാനുഷിയുടെ വലിയ ആഗ്രഹം. അതിനിടെ റാംപ് സ്വപ്നങ്ങളെയും മാനുഷി കൂടെക്കൂട്ടി. പഠനത്തിനൊപ്പം സൗന്ദര്യസംരക്ഷണത്തിനും ശ്രദ്ധ കൊടുത്തുതുടങ്ങി. മത്സരങ്ങളിൽ പങ്കെടുത്തു. ഒടുവിൽ 17 വർഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് സുന്ദരിപ്പട്ടം തിരികെയെത്തിക്കാനായിരുന്നു മാനുഷിയുടെ നിയോഗം.

നല്ലൊരു കുച്ചിപ്പുടി നർത്തകി കൂടിയായ മാനുഷി പ്രഗത്ഭ നർത്തകരായ രാജ, രാധാ റെഡ്ഡി എന്നിവരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാഗമായിരുന്ന മാനുഷിയുടെ മറ്റൊരു പ്രധാന വിനോദം നീന്തലായിരുന്നു. കൂടാതെ, കവിത, ചിത്രരചന എന്നീ മേഖലകളിലും തത്പരയായിരുന്നു. പഠനത്തിലും ഒട്ടും മോശമായിരുന്നില്ല ലോകസുന്ദരി. ഇംഗ്ലീഷ് ഭാഷയോട് പ്രത്യേക സ്നേഹം പുലർത്തിയിരുന്ന മാനുഷി പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലീഷിൽ ഓൾ ഇന്ത്യ സിബിഎസ്ഇ ടോപ്പർ ആയിരുന്നു.

സാമൂഹ്യസേവനം തന്നെ കടമയായി കണ്ടിരുന്ന മാനുഷി സ്ത്രീശുചിത്വസന്ദേശവുമായി ഇരുപതോളം ഗ്രാമങ്ങളിൽ സന്ദർശനം നടത്തി. ബ്യൂട്ടി വിത്ത് എ പർപ്പസ് പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്. പ്രോജക്ട് ശക്തി എന്ന പേരിലും ഈ പദ്ധതി പ്രസിദ്ധമായി. ഉൾനാടൻ ഗ്രാമങ്ങളിലെ അപരിഷ്കൃതരായ അയ്യായിരത്തോളം സ്ത്രീകളുടെ ജീവിതത്തിൽ മാറ്റംവരുത്താൻ മാനുഷിയുടെ പദ്ധതിക്കു കഴിഞ്ഞു.

ഫിറ്റ്നസ് രഹസ്യം

ലോകസുന്ദരിയാകുന്നത് അത്രവലിയ എളുപ്പമുള്ള കാര്യമല്ല. ചിട്ടയായ പരിശീലനവും ഭക്ഷണക്രമവുമാണ് സൗന്ദര്യത്തെ നിർണയിക്കുന്നത്. പറയുന്നത് മറ്റാരുമല്ല, മാനുഷിയുടെ ഫിറ്റ്നസ് ഗുരുക്കളായ ആരുഷി വർമയും നൂട്രീഷനിസ്റ്റ് നമാമി അഗർവാളുമാണ്. മാനുഷിയുടെ ശരീരവടിവിന്‍റെ രഹസ്യം എന്താണെന്ന് അവർ പറഞ്ഞുതരും.

1. പ്രാതൽ വിട്ടുകളയരുത്
2. കൃത്യമായി ഭക്ഷണം കഴിക്കുക, അളവ് കുറയ്ക്കുക
3. പഞ്ചസാര ഒഴിവാക്കുക

ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ചി​ല്ല​ർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു. റീ​ത്ത ഫാ​രി​യ, ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, ഡ​യാ​ന ഹെ​യ്ഡ​ൻ, യു​ക്ത മു​ഖി എ​ന്നി​വ​രാ​ണ് ഇ​തി​നു മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ സു​ന്ദ​രി​മാ​ർ. പിന്നീട് മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നെങ്കിലും ലോകസുന്ദരി പട്ടം രാജ്യത്തെത്തിയിരുന്നില്ല. എങ്കിലും, ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തുമ്പോൾ അതിനു പിന്നിലും പാർവതിയുടെ പങ്കുണ്ട്. പാർവതിയുടെ നേതൃത്വത്തിലായിരുന്നു മാനുഷിക്ക് ഉൾപ്പെടെ പരിശീലനം നൽകിയത്.

Related posts