Set us Home Page

മാടിവിളിച്ച് മറയൂരിന്റെ ചന്ദനക്കാടുകള്‍

Sandalമറയൂര്‍: സഞ്ചാരികള്‍ക്ക് നിത്യകൗതുകമുണര്‍ത്തുന്ന ചന്ദനമരങ്ങള്‍ മറയൂരിന്റെ മാത്രം പെരുമ. റോഡിന്റെ ഇരുവശങ്ങളിലായി തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ചന്ദനമരങ്ങളാണ് മറയൂരിലേയ്ക്കു വരുന്നവരെ സ്വാഗതംചെയ്യുന്നത്. കേരളത്തിന്റെ മഴനിഴല്‍ പ്രദേശമായ മറയൂരില്‍ 15 സ്ക്വയര്‍ കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുകയാണ് ചന്ദനറിസര്‍വ്.

ചന്ദനലേലത്തിനായി മരങ്ങള്‍ ചെത്തിയൊരുക്കുന്ന പണിപ്പുരയും മറയൂരില്‍ വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്നു. വനംവകുപ്പിന്റെ ചന്ദനപ്പണിപുരയില്‍ ചന്ദനം ചെത്തിയൊരുക്കലിന്റെ ശില്‍പികള്‍ മുതുവാന്‍മാരും ഗ്രാമവാസികളുമാണ്. എന്നാല്‍ ചന്ദനകാട്ടില്‍നിന്ന് ഒരു തരിപോലും നഷ്ടപ്പെടാതെ പിഴുതെടുക്കാന്‍ മിടുക്കന്മാര്‍ മലപുലയരാണ്.

മറയൂരിന്റെ വിവിധ ചന്ദനറിസര്‍വുകളില്‍ ഉണങ്ങിനില്‍ക്കുന്നതും കാറ്റില്‍ മറിഞ്ഞുവീഴുന്നതും വന്യജീവികള്‍ കുത്തിമറിച്ചിടുന്നതുമായ മരങ്ങളാണ് വനംവകുപ്പ് സംഭരിക്കുന്നത്. ഇത്തരത്തിലുള്ള ചന്ദനമരം മുറിച്ചെടുക്കുകയല്ല അത് പിഴുതെടുക്കുക എന്നതാണ് രീതി. ഈ പണിയില്‍ മിടുക്കര്‍ മലപുലയരാണ്.

പിഴുതെടുത്ത മരം കഴിവതും റിസര്‍വില്‍തന്നെ ഒരുമീറ്റര്‍ നീളത്തില്‍ മുറിച്ച് വേരും തടിയും വെവ്വേറെയാക്കും. മുറിക്കൂന്ന സമയത്ത് അതിലെ അറക്കപ്പൊടി നഷ്ടപ്പെടാതിരിക്കാന്‍ മുറിക്കുന്ന ഭാഗത്തിനുതാഴെ ചാക്ക് വിരിച്ച് അവയും ശേഖരിക്കും. ഇതോടൊപ്പംതന്നെ മുറിക്കുന്ന മരക്കഷണങ്ങള്‍ക്ക് പ്രത്യേക മാര്‍ക്കിംഗ് നമ്പര്‍ നല്‍കി രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കും. മുറിക്കുന്ന കഷണങ്ങള്‍ മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് നമ്പര്‍ അനുസരിച്ച് നിരത്തി മരം പൂര്‍ണമാക്കി കാണിക്കണം. ഒരുമീറ്റര്‍ വലിപ്പത്തില്‍ മുറിച്ചെടുത്ത ചന്ദനമരം റിസര്‍വില്‍നിന്ന് വനംവകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ തലച്ചുമടായി റോഡില്‍ എത്തിച്ച് അവിടെനിന്നും വാഹനത്തില്‍ കേരളത്തിലെ ഏക ചന്ദനഡിപ്പോയായ മറയൂരിലെ പണിപ്പുരയില്‍ എത്തിക്കും. പണിപ്പുരയില്‍ എത്തിച്ച ചന്ദനമരത്തിന്റെ തൊലിയും വെള്ളയും ചെത്തുന്നതാണ് ആദ്യപണി. തുടര്‍ന്ന് സസൂക്ഷ്മം ചെത്തിമിനുക്കിയെടുക്കും. ചെത്തി മിനുക്കുമ്പോള്‍ ലഭിക്കുന്ന ചീളുകള്‍ക്കുപോലും നല്ലവിലയാണ്. ചന്ദനമരത്തിന്റെ കാതലിനു മാത്രമാണ് മണമുള്ളത്. അതിന്റെ ഇലയ്‌ക്കോ പുറം തടിക്കോ ചന്ദനത്തിന്റെ സുഗന്ധമില്ല.

കഷണം ചെത്തിമിനിക്കിയെടുക്കുന്നതിനുമുന്‍പും പിന്‍പും അതിന്റെ തൂക്കം രജിസ്റ്ററില്‍ രേഖപ്പെടുത്തും. മിനുക്കിയെടുത്ത ചന്ദനത്തിന്റെ വണ്ണവും തൂക്കവും അനുസരിച്ച് തരംതിരിച്ച് ലേലത്തില്‍ വിറ്റഴിക്കും. ചന്ദനം തരംതിരിക്കുമ്പോള്‍ 14 ഇനങ്ങളിലായാണ് തിരിക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേക വിലയാണ് ലഭിക്കുന്നത്.

മറയൂര്‍ ചന്ദനറിസര്‍വിലെ ചന്ദനമരങ്ങള്‍ ലോകത്തിലെ ഒന്നാംകിട ചന്ദനമരമാണെന്നും ഇവിടുത്തെ ചന്ദനമരങ്ങള്‍ക്ക് എണ്ണയും കാതലും കൂടുതലുണ്ടെന്നും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ചന്ദന റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സാക്ഷ്യപത്രം നല്‍കിയിട്ടുണ്ട്. ചന്ദനമരത്തിന്റെ വേരില്‍നിന്നാണ് എണ്ണ അധികവും ലഭിക്കുന്നത്.

മറയൂരിലെ കാലാവസ്ഥ ചന്ദനമരത്തിന് അനുയോജ്യമാണെങ്കിലും അത് വച്ചുപിടിപ്പിക്കുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ ആഴ്ച നടന്ന ചന്ദന ഇ ലേലത്തില്‍ ഒരുകിലോയ്ക്ക് ഏറ്റവും കൂടിയ വിലയായി 14500 രൂപയും ചന്ദനമരത്തിന്റെ ചെത്തുപൂളിന് കിലോയ്ക്ക് 700 രൂപയാണ് ലഭിച്ചത്. കേരളത്തിലെ ഖജനാവിന്റെ മുതല്‍കൂട്ടായ മറയൂരിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS