സദ്യയ്ക്ക് നോണ്‍വെജ് കിട്ടിയില്ല, വരന്‍ നിശ്ചയസമയത്ത് വിവാഹത്തില്‍ നിന്ന് പിന്മാറി, കല്യാണം കാണാന്‍ വന്നയാള്‍ പെണ്ണിനെ കെട്ടി, ഒരു ചെറിയ കല്യാണം ലോകമറിയുന്ന വാര്‍ത്തയാകാന്‍ കാരണം ഇതൊന്നുമല്ല

d-newwകല്യാണ കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. കല്യാണത്തിനിടെ രസകരമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ബുധനാഴ്ച്ച അരങ്ങേറിയത്. ഈ കഥയുടെ ലൊക്കേഷന്‍ അങ്ങ് ഉത്തര്‍പ്രദേശാണ്. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഭരിക്കുന്ന അതേ സംസ്ഥാനം. അടുത്തിടെ വര്‍ഗീയകലാപം നടന്ന മുസഫര്‍ബാദിലെ ഒരു മനസമ്മതത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

മനസമ്മതത്തിന് പതിവുപോലെ ബന്ധുക്കളും അയല്‍ക്കാരുമെല്ലാം പെണ്ണിന്റെ വീട്ടിലെത്തിച്ചേര്‍ന്നു. എല്ലായിടത്തും തികഞ്ഞ ആഘോഷം. കൃത്യസമയത്ത് തന്നെ വരനും കൂട്ടരും എത്തുകയും ചെയ്തു. പെണ്ണിന്റെ വീട്ടുകാര്‍ വരന്റെ ബന്ധുക്കളെ സ്‌നേഹത്തോടെ സ്വീകരിച്ച് ഇരുത്തുകയും ചെയ്തു. ഇനിയാണ് ട്വിസ്റ്റ് വരുന്നത്. പെണ്ണും ചെറുക്കനും പരസ്പരം കണ്ണുകൊണ്ട് ആശയവിനിമയം നടക്കുന്നതിനിടെയാണ് തീന്‍മേശയിലേക്ക് ചെറുക്കന്റെ കണ്ണു പോകുന്നത്. നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം. പേരിനു പോലും നോണ്‍വെജിന്റെ സാന്നിധ്യമില്ല. നിയന്ത്രണം വിട്ട വരന്‍ ആദ്യം ദേഷ്യം കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി.

അടുത്തനിമിഷം തന്നെ വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് വരന്‍ പരസ്യമായി പ്രഖ്യാപിച്ചു. കല്യാണത്തിനെത്തിയവരെല്ലാവരും ഞെട്ടി നില്ക്കുന്നതിനിടെ പെണ്ണിന്റെ വീട്ടുകാര്‍ കാര്യം തിരക്കി. നോണ്‍വെജ് വിഭവങ്ങളില്ലാത്ത വീട്ടില്‍ നിന്ന് പെണ്ണ് കെട്ടാന്‍ തനിക്ക് താല്പര്യമില്ലെന്നായിരുന്നു മറുപടി. ചെറുക്കനും വീട്ടുകാരും വിവാഹം ബഹിഷ്കരിച്ചു പോയതോടെ കല്യാണവീട് മ്ലാനമായി. ഇതിനിടെ ഒരു യുവാവ് തനിക്ക് പെണ്ണിനെ വിവാഹം കഴിക്കാന്‍ താല്പര്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതോടെ നിശ്ചയചടങ്ങ് മുന്‍നിശ്ചയപ്രകാരം നടക്കുകയും ചെയ്തു.

ഈ സംഭവത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ട്. എന്താണെന്നല്ലേ. യുപിയില്‍ അധികാരമേറ്റെടുത്ത ഉടന്‍ അനധികൃത അറവുശാലകള്‍ക്ക് യോഗി താഴിട്ടിരുന്നു. ഇതോടെ യുപിയില്‍ ബീഫിനും ചിക്കനും വില കുതിച്ചുയരുകയും ചെയ്തു. പലയിടത്തും നോണ്‍ വെജ് വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വിവാഹങ്ങള്‍ പലതും ഇക്കാരണത്താല്‍ നീട്ടിവയ്ക്കുന്ന പ്രവണതയും ആരംഭിച്ചിട്ടുണ്ടത്രേ. 150-200 രൂപയില്‍ വില്പന നടത്തിയിരുന്ന മാട്ടിറച്ചിക്ക് ഇപ്പോള്‍ 400 മുതല്‍ 600 രൂപ വരെയാണ് വില. ഇറച്ചിക്ക് ക്ഷാമമായതോടെ ചിക്കന്‍ വിലയും കുതിച്ചുയര്‍വ്വു. 260 രൂപയ്ക്ക് മുകളിലാണ് വില.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS