ഗൾഫിലെപ്പോലെ ദുരിതം വിതയ്ക്കുന്ന ലേബർ ക്യാമ്പുകൾ കേരളത്തിൽ അനുവദിക്കില്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

MERCYKUTYAMMAകൊല്ലം: ഇതര സംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും ഗൾഫ് നാടുകളി ലേതുപോലെ ദുരിത പൂർണമായ ലേബർ ക്യാമ്പുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യമുൾപ്പെടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാത്ത കോൺട്രാക്ടർമാർക്ക് നോട്ടീസ് നൽകും.

തൊഴിൽ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ ഇതര സംസ്‌ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തൊഴിലാളികളിലെ ക്രിമിനൽ പശ്ചാത്തലം സർക്കാർ ജാഗ്രതയോടെ നോക്കിക്കാണുന്നുണ്ട്. ഇതര സംസ്‌ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ കുറ്റമറ്റ രീതിയിൽ നടപ്പാക്കിയാൽഇത്തരം ഭയാശങ്കകൾ ഇല്ലാതാക്കാൻ കഴിയും. ഇതിന് തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിൽ വകുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഐഷാപോറ്റി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ഡെപ്യൂട്ടി ലേബർ കമ്മീഷ്ണർ കെ.എസ്. ബിജു, ജില്ലാ ലേബർ ഓഫീസർ കെ.എസ്. സിന്ധു, ഡെപ്യൂട്ടി ഡിഎംഒ ആർ. സന്ധ്യ, അഡീഷണൽ ലേബർ കമ്മീഷണർ എ. അലക്സാണ്ടർ, എൻഫോഴ്സ്മെന്റ് ജില്ലാ ലേബർ ഓഫീസർ എ. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

Related posts