വയോധികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസ് തെളിഞ്ഞതിങ്ങനെ…

കൊയിലാണ്ടി: വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൗമാരക്കാരന്‍ പിടിയിലായത്. മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാന്‍ സഹായിച്ച പ്രതിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയെടുത്തു ചോദ്യം ചെയ്തു വരികയാണ്.

അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. നവംബര്‍ ഏഴിന് വൈകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു വൈകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. സംഭവ ദിവസം വൈകിട്ട് മദ്യലഹരിലായിരുന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മരണശേഷം മൃതദേഹത്തോടും അതിക്രമം തുടര്‍ന്നു എന്നും പോലീസ് പറയുന്നു.

രാത്രിയോടെ വീട്ടിലെത്തിയ പ്രതി വിവരം പിതാവിനെ ധരിപ്പിച്ചു. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തെത്തി മൃതദേഹം തൊട്ടടുത്തുള്ള വയല്‍ പ്രദേശത്തെ വെള്ളക്കെട്ടില്‍ ഒളിപ്പിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് സ്വമേധയാ കേസടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വന്‍ വിവാദമുണ്ടാക്കിയ സംഭവത്തില്‍ ഒരു മൊബൈല്‍ ഫോണാണ് കേസിലേക്ക് വെളിച്ചം വീശാന്‍ കാരണമായത്.കേസില്‍ തുമ്പുണ്ടാക്കാന്‍ പ്രദേശത്തെ 150 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. തുടര്‍ന്നാണു പ്രദേശത്ത് നിന്ന് മൊെബെല്‍ ഫോണ്‍ മോഷണം പോയ വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അടുത്ത വീട്ടിലായിരുന്നു മോഷണം. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചത് നേരത്തെ കളവുപോയ ഫോണാണെന്നു കണ്ടെത്തി. പിതാവിന്റെ പേരിലുള്ള സിമ്മാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലായി.

Related posts