പൂനയിലോ ഗോവയിലോ ഉണ്ടാകുമെന്ന രഹസ്യവിവരം ആരുടെയോ ഭാവനയില്‍ മെനഞ്ഞ കെട്ടുകഥ; അഞ്ചു ലക്ഷം പാരിതോഷികമായി പ്രഖ്യാപിച്ചതോടെ വരുന്നത് അടിസ്ഥാനമില്ലാത്ത സൂചനകളും രഹസ്യവിവരങ്ങളും; ജെസ്‌നയെ കാണാതായിട്ട് മൂന്നു മാസം…

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ ഒരെത്തും പിടിയുമില്ലാതെ അന്വേഷണ സംഘം. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കുന്ന രീതിയിലെ അന്വേഷണമാണ് കേരളാ പൊലീസ് നടത്തുന്നത്.

ഇതിനും പുതിയ പ്രതീക്ഷകളൊന്നും നല്‍കാനാകുന്നില്ല. ജെസ്‌നയെ കാണാതായിട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞു. ഫോണ്‍വഴിയും പരാതിപ്പെട്ടികളിലും കിട്ടുന്ന വിവരങ്ങളെല്ലാം അന്വേഷിച്ചെങ്കിലും ഇതുവരെ പൊലീസിന് ഒരുതുമ്പും ലഭിച്ചിട്ടില്ല. ജെസ്‌നയെ തേടി പൂനയിലും ഗോവയിലും പോയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

ഇവിടെയുള്ള ആരാധനാലയങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജെസ്നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഈ നഗരങ്ങളിലെത്തിയത്.
നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ കിട്ടിയ സൂചനയും തെറ്റിധരിപ്പിക്കുന്നതാണെന്ന് പൊലീസ് തിരിച്ചറിയുകയാണ്.

ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്.

ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്. ഇതില്‍ എല്ലാം വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെ കഥകളാണെന്നു തെളിഞ്ഞു. ഇതോടെ പെട്ടി വച്ചതും വെറുതെയായി എന്ന് തിരിച്ചറിയുകയാണ് പൊലീസ്.

കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്‌നയെ മാര്‍ച്ച് 22-നാണ് കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ െജസ്‌നയെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോള്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.

ജെസ്‌നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വനമേഖലകള്‍ ഉള്‍പ്പെടെ ജെസ്‌ന പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചു പെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇതിനിടയ്ക്ക് ചെന്നെയില്‍ ജെസ്‌നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് അവിടെയും എത്തിയെങ്കിലും പതിവു പോലെ നിരാശയായിരുന്നു ഫലം.ജെസ്‌ന അവസാനമായി സന്ദേശമയച്ച സഹപാഠിയുടെ കൂട്ടുകാരെ പത്തനംതിട്ടയില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

ജെസ്‌നയുടെ സുഹൃത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. ജെസ്‌ന നിരന്തരം ഒരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും, ഏകദേശം ആയിരത്തോളം തവണ ജെസ്‌ന ഈ നമ്പറുമായി വിളിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. എന്തായാലും അന്വേഷണം തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related posts