യോഗ, ലോകത്തെ മുഴുവന്‍ ഒന്നിച്ചു ചേര്‍ക്കുന്ന ശക്തി! സമാധാനത്തിന്റെ അനുഭൂതിയാണ് ഇത് നല്‍കുന്നത്; നാലാമത് യോഗാദിനമാചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെയെന്നല്ല, ലോകത്തെ മുഴുവന്‍ ഒന്നിച്ചു ചേര്‍ക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള ബന്ധമുണ്ടാകുന്നത് യോഗ ചെയ്യുന്നതിലൂടെയാണ്.

ഇതുവഴി സമാധാനത്തിന്റെ അനുഭൂതിയാണ് ഉണ്ടാകുക, മോദി കൂട്ടിച്ചേര്‍ത്തു. ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലായിരുന്നു മോദി ഇത്തവണ യോഗാ ദിനാചരണം നടത്തിയത്. മോദിക്കൊപ്പം 50,000 പേരും യോഗ ചെയ്തു. 2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്.

അന്ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്. യുഎന്‍ പൊതുസഭയില്‍ 2014 സെപ്റ്റംബര്‍ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദേശിച്ചത്.

Related posts