കാണുന്നില്ല, കാണുന്നില്ല എന്നു പറഞ്ഞ് പരിതപിച്ച് കണ്ടുമുട്ടിയപ്പോള്‍ പ്രധാനമന്ത്രി എടുത്തു കാട്ടിയത് കേരളം നടപ്പാക്കാത്ത പദ്ധതികളുടെ ലിസ്റ്റ്, ഒന്നും മിണ്ടാതെ പിണറായിയും സര്‍വകക്ഷി സംഘവും

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ തന്നെ കാണാന്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങി കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എ.എന്‍.രാധാകൃഷ്ണനായിരുന്നു സംഘത്തൊടൊപ്പം പോയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൂട്ടാതെ തന്നെ കാണാന്‍ സര്‍വകകക്ഷി സംഘം വന്നതിലെ അനിഷ്ടം പ്രധാനമന്ത്രി പരസ്യമാക്കുകയായിരുന്നു.

സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായാണ് കണ്ടതെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. കേരളം ഉന്നയിച്ച ഒരു വിഷയത്തിലും പ്രധാനമന്ത്രി അനുകൂലമായ പ്രതികരണം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പണം നല്‍കിയിട്ടും കേരളം പൂര്‍ത്തിയാക്കാത്ത കേന്ദ്ര പദ്ധതികളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി യോഗത്തിനെത്തിയത്. മുഖ്യമന്ത്രിയും സംഘവും ഉന്നയിച്ച ഓരോ ആവശ്യങ്ങളെയും പ്രധാനമന്ത്രി നേരിട്ടതും പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. പൊതുഭക്ഷ്യ ഭദ്രത നിയമത്തിന്റെ സാഹചര്യത്തില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്നുള്ളതായിരുന്നു സര്‍വകക്ഷി സംഘത്തിന്റെ പ്രധാന ആവശ്യം.

ഈ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇനിയുണ്ടാകില്ലെന്ന സൂചനയും പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തിന് നല്‍കി. 2012-ല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതെന്നും ഇത്രയും വൈകിയതിന് കാരണം അന്നത്തെ സര്‍ക്കാരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാദം. ശബലിമല റെയില്‍പ്പാത വിഷയത്തിലും സംസ്ഥാന സര്‍ക്കാരിനെയാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. ഭൂമിയേറ്റെടുത്ത് തന്നാല്‍ പദ്ധതിക്ക് സഹായം നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related posts