സെറ്റില്‍ ചിരിപ്പൂരം സൃഷ്ടിച്ച താരം! ഒരു തണല്‍മരം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു എനിക്കന്ന്; കുതിരവട്ടം പപ്പുവിനെക്കുറിച്ച് മോഹന്‍ലാല്‍

indexജീവിത്തിന്റെ ഫ്രെയിമില്‍ നിന്ന് പടിയിറങ്ങിപ്പോയാലും പ്രക്ഷക ഹൃദയങ്ങളില്‍ മായാതെ ജീവിക്കുന്ന ചില അഭിനേതാക്കളുണ്ട്. അവര്‍ക്കൊന്നും പകരക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് മരണശേഷവും അവരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ തങ്ങി നില്‍ക്കാന്‍ കാരണം. അത്തരത്തിലുള്ള അഭിനയപ്രതിഭയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ തമാശകളെയും സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള നമുക്ക് അദ്ദേഹത്തെ മറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എത്രമാത്രമായിരിക്കും. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒട്ടനവധി സിനിമകളില്‍ പപ്പുവും അത്യുഗ്രന്‍ പ്രകടനവുമായി ഒപ്പമുണ്ടായിരുന്നു. ഒരു തണല്‍മരം നഷ്ടപ്പെട്ട അനുഭവവും അനാഥത്വവുമായിരുന്നു തനിക്കെന്നാണ് മോഹന്‍ലാല്‍ പപ്പുവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്. കുതിരവട്ടം പപ്പു എന്ന വ്യക്തിയെക്കുറിച്ചുള്ള തന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍.

മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ ഞാനഭിനയിക്കുമ്പോള്‍ പപ്പുവേട്ടന്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. അദ്ദേഹമില്ലാത്ത ചിത്രങ്ങള്‍ അക്കാലത്ത് വിരളമായിരുന്നു. കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയസാധ്യതകള്‍ ഏറെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അങ്ങാടി. അതിലെ അബു എന്ന അദ്ദേഹത്തിന്റെ കഥാപാത്രം ജീവിതത്തിന്റെ നേര്‍ പകര്‍പ്പായിരുന്നു. ‘പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്…’ എന്ന അങ്ങാടിയിലെ ഗാനം പപ്പുവേട്ടന്റെ മുഖഭാവങ്ങളോടെയാണ് മനസിലേക്ക് വരാറുള്ളത്. അത്രമാത്രം അബുവുമായി അദ്ദേഹത്തിലെ നടന്‍ ഇഴുകിച്ചേര്‍ന്നിരുന്നു. അഹിംസ എന്ന ചിത്രത്തിലാണ് ഞാനും പപ്പുവേട്ടനും ഒന്നിച്ചത്. പ്രായഭേദമില്ലാതെ സൗഹൃദം പങ്കിട്ടിരുന്ന ആളായിരുന്നു പപ്പുവേട്ടന്‍. അദ്ദേഹം സെറ്റിലുണ്ടെങ്കില്‍ ചിരിയുടെ പൂരമായിരിക്കും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാന്‍ നേരില്‍ അറിയുന്നത് അഹിംസയില്‍ അഭിനയിക്കുമ്പോഴാണ്. പപ്പുവേട്ടന് അലക്കുകാരന്റെ വേഷമായിരുന്നു അതില്‍.

images

‘ഞാനൊരു ടോബി… അലക്കുജോലി, ഈ നാട്ടുകാരുടെ വിയര്‍പ്പുമുഴുവന്‍…’ എന്ന് തുടങ്ങുന്ന ഗാനം ചെറിയകുട്ടികള്‍ക്ക് പോലും അന്ന് കാണാപാഠമായിരുന്നു. സിനിമയില്‍ വില്ലനായി തുടങ്ങിയ എന്റെ അഭിനയജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മൂത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹത്തോടെയാണ് പപ്പുവേട്ടന്‍ നോക്കി കണ്ടത്. ജീവിതത്തില്‍ പല പരുക്കന്‍ അനുഭവങ്ങളിലൂടെ കടന്നുപോയതിന്റേതായ ്‌സാമാന്യ ധൈര്യം പപ്പുവേട്ടനില്‍ എപ്പോഴുമുണ്ടായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളേക്കാളും സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കടന്നുപോയ കഠിനജീവിതത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം എന്നോട് മനസ്സുതുറന്നിട്ടുണ്ട്. ജനിച്ച് നാല്‍പതാം നാള്‍ അച്ഛന്റെ മരണം. പതിനാറാമത്തെ വയസ്സില്‍ അമ്മയും. പിന്നീടുള്ള ജീവിതം അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നടുവില്‍.  നാടകത്തില്‍ അഭിനയിക്കാന്‍ ഒരു അവസരത്തിനുവേണ്ടി പലരോടും യാചിക്കേണ്ടി വന്ന അവസ്ഥ. നാടകട്രൂപ്പില്‍ കര്‍ട്ടന്‍ വലിക്കാരനായി തുടങ്ങിയ ആ കലാജീവിതം എന്തുമാത്രം തീക്ഷ്ണതകളിലൂടെയാണെന്ന് കടന്നുപോയതെന്ന് ഊഹിക്കാന്‍പോലും കഴിയില്ല. ചിലപ്പോഴൊക്കെ പപ്പുവേട്ടന്‍ പറയും ഈ ചിരി കണ്ണീരിന്റെയാണു മോനേ എന്ന്.

പപ്പുവേട്ടനൊപ്പം അഭിനയിക്കുന്നത് വല്ലാത്തൊരു സുഖമായിരുന്നു. സ്‌ക്രിപ്റ്റില്‍ എഴുതിവച്ചതായിരിക്കില്ല ചിലപ്പോള്‍ അദ്ദേഹം പറയുന്നത്. ഒരു ഡയലോഗ് ഏത് അവസ്ഥയില്‍ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അത് ജീവിതം കൊണ്ട് നേടിയതാണ്. ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു ദൃശ്യമുണ്ട്. ടാ…സ്‌കി വിളിക്കെടാ’ ഒരു പക്ഷേ പപ്പുവേട്ടനല്ലാതെ മറ്റൊരു നടനും അത് പറഞ്ഞ് ഫലിപ്പിക്കാനാകില്ല. അദ്ദേഹത്തിന്റെ അഭിനയ മികവില്‍ മതിമറന്ന് സംവിധായകന്‍ കട്ട് പറയാന്‍ മറന്നുപോയ അവസരം വരെ ഉണ്ടായിട്ടുണ്ട്. സെറ്റില്‍ മിക്കപ്പോഴും ഹല്‍വയുമായാണ് പപ്പു എത്തിയിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ മുറിയിലെത്തി ചീട്ടുകളിക്കുന്നതും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍, ചില കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പപ്പുവേട്ടനുണ്ടായിരുന്നെങ്കില്‍ എന്ന് പ്രിയദര്‍ശന്‍ പറയുന്നത് കേട്ടിട്ടുണ്ട്.

Related posts