ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച; ആറുവര്‍ഷമായി വീട്ടുജോലി ചെയ്തുവന്ന സ്ത്രീ അറസ്റ്റില്‍; വീടിന്റെ താക്കോല്‍ കൈക്കലാക്കിയശേഷം മോഷണം നടത്തുകയായിരുന്നു

KNR-MOSHANAMകണ്ണൂര്‍: പട്ടാപ്പകല്‍ ഡോക്്ടറുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. അലവില്‍ ഒറ്റത്തെങ്ങിലെ ശോഭാവിഹാറില്‍  ഡോ. പി. നാരായണന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് വീട്ടുജോലിക്കാരിയായ ചപ്പാരപ്പടവ് മഠംത്തട്ടിലെ ടി.എ. അസ്മ (41) യെ ടൗണ്‍ സിഐ കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്. എട്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 10,100 രൂപയുമാണ് കവര്‍ന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി ഡോക്്ടറുടെ വീട്ടിലെ ജോലിക്കാരിയായ അസ്മ തളിപ്പറമ്പ് ഏഴാംമൈലിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചു വരുന്നത്. മോഷണം നടന്നതിന്റെ തലേദിവസം ഡോക്ടറും കുടുംബവും നാളെ ഞങ്ങള്‍ വീട്ടിലുണ്ടാകില്ലെന്നും ജോലിക്കു വരേണ്ടന്നും അസ്മയോട് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വീടിന്റെ ഒരു താക്കോല്‍ കൈക്കലാക്കിയ പ്രതി ഡോക്ടറും കുടുംബവും പുറത്തുപോയ സമയം നോക്കി വാതില്‍ തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

സംഭവത്തിന് തൊട്ടടുത്ത ദിവസം പതിവുപോലെ ജോലിക്കെത്തുകയും ഒരു സംശയം നല്കാത്ത രീതിയില്‍ പെരുമാറുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ വീടുമായി ബന്ധമുള്ളവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിക്കുകയായിരുന്നു. മോഷണം നടന്ന ദിവസം താന്‍ തളിപ്പറമ്പിലെ ഒരു വീട്ടില്‍ രാവിലെമുതല്‍ വൈകുന്നേരംവരെ ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. പോലീസ് ഈ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ യുവതി അവിടെ എത്തിയില്ലെന്ന് അറിയാന്‍ കഴിഞ്ഞു.

തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ യുവതി കവര്‍ച്ച നടന്ന ദിവസം ചാലാട് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരിമണിമാലയും വളകളും കമ്മലുമാണ് മോഷണം പോയത്.  മോഷ്്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ചിലത് തളിപ്പറമ്പിലെ ഒരു ജ്വല്ലറിയില്‍ നല്കി വേറെ മാറ്റി വാങ്ങിയിരുന്നു. ഇവ പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ പോലീസ് ഇന്നു കോടതിയില്‍ ഹാജരാക്കും. പോലീസുകാരായ സന്തോഷ്, അനീഷ്, ദിനേശ്, സീമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts