മത്സ്യവും മാംസവും എത്തുന്നത് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്നത് ഫോര്‍മാലിനില്‍ കുളിപ്പിച്ച് ! കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ മത്സ്യം; മലയാളികളുടെ വൃക്ക തകരുന്നതിങ്ങനെ…

കേരളത്തില്‍ അര്‍ബുദ,വൃക്ക രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഫോര്‍മാലിന്‍ ? കേരളീയര്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒട്ടു മിക്കവയും ഫോര്‍മാലിന്‍ അടക്കമുള്ള കീടനാശിനികള്‍ കലര്‍ത്തിയാണ് എത്തുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍.

ഇതുസംബന്ധിച്ചു ഐ.എം.എ. നേരത്തേ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇറച്ചി വിഭവങ്ങളില്‍ മാരകമായ ഫോര്‍മാലിന്‍ രാസവസ്തുക്കളുണ്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫോര്‍മാലിന്‍ കലര്‍ന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പോത്തിറച്ചിയിലും പന്നിയിറച്ചിയിലുമാണു പ്രധാനമായും ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്.

ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഇതു ചേര്‍ത്ത ഇറച്ചിയും മത്സ്യവും എത്ര കഴുകിയാലും വിഷാംശം പോകില്ല. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്.

വിവിധ ശരീരഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് 30 ശതമാനം വീര്യമുള്ള ലായനിയിലാണ്.

ഒരുവര്‍ഷത്തോളം ഈ ലായനിയില്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ഫോര്‍മാല്‍ ഡീഹൈഡ് ഗ്യാസ് വെള്ളത്തില്‍ ലയിപ്പിച്ചുണ്ടാക്കുന്ന രാസപദാര്‍ഥമാണിത്. ടെക്സ്റ്റൈല്‍, പ്ലാസ്റ്റിക്, പേപ്പര്‍ പെയിന്റ് നിര്‍മാണമേഖലയിലും ഫോര്‍മാലിന്‍ ഉപയോഗിക്കുന്നു.

ഇതു ചേര്‍ത്താല്‍ 18 ദിവസം വരെ മത്സ്യം കേടാകില്ല. മുന്‍കാലങ്ങളില്‍ അമോണിയ ചേര്‍ത്തായിരുന്നു മത്സ്യവില്‍പ്പന. എന്നാല്‍ നാലുദിവസം മാത്രമാണ് അമോണിയയുടെ വീര്യം നില്‍ക്കുക എന്നതിനാലാണ് വ്യാപാരികള്‍ ഫോര്‍മാലിനിലേക്ക് തിരിഞ്ഞത്.

കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റുകളില്‍ നിന്ന് ഉപയോഗശൂന്യമായ 12000 കിലോഗ്രാം മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാംഘട്ട പരിശോധനയിലാണ് ഇത്രയധികം മത്സം പിടിച്ചെടുത്തത്. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ന്ന 6000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തതാവട്ടെ അമരവിള ചെക്ക് പോസ്റ്റില്‍ നിന്നും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി.

അമരവിളയില്‍ നിന്നു പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയും. പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 6000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Related posts