ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം 32 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്ത് ഓഫീസിലെത്തിയ യുവാവിന് കമ്പനി സിഇഒ നല്‍കിയത് അത്യുഗ്രന്‍ സമ്മാനം! ഇരുവരുടെയും നല്ല മനസിനെ അഭിനന്ദിച്ച് ലോകവും

ജോലി ചെയ്യാതെ ഒരാള്‍ക്കും ജീവിക്കാന്‍ സാധിക്കില്ലെങ്കിലും ജോലിയ്ക്കു പോകാന്‍ മടിയുള്ളവരാണ് നല്ലൊരു ശതമാനം ആളുകളും. പ്രത്യേകിച്ച് മടി പിടിക്കാന്‍ പറ്റിയ കാലാവസ്ഥയായ മഴക്കാലത്തും മറ്റും. എന്നാല്‍ ഉണ്ടായ തടസങ്ങളെയെല്ലാം മാറ്റി നിര്‍ത്തി ആത്മാര്‍ത്ഥതയുടെ പര്യായമായി ജോലിയ്‌ക്കെത്തിയ യുവാവിനോട് കമ്പനി മുതലാളി അതിനുള്ള നന്ദി കാണിച്ച രീതിയാണ് ഇപ്പോള്‍ ലോകമെങ്ങും വൈറലായിരിക്കുന്നത്.

20കാരനായ വാള്‍ട്ടര്‍ കര്‍ എന്ന യുവാവാണ് മേല്‍ സൂചിപ്പിച്ച വ്യക്തി. സംഭവിച്ചതിങ്ങനെയാണ്…പിറ്റേ ദിവസം രാവിലെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കാര്‍ പണി മുടക്കിയത്. മറ്റ് മാര്‍ഗങ്ങളൊന്നും ലഭിക്കാതായതോടെ പിറ്റേന്ന് രാവിലെ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്ന നിശ്ചയദാര്‍ഡ്യം ഉള്ളിലുണ്ടായിരുന്ന വാള്‍ട്ടര്‍ അലബാബയില്‍ നിന്നും 32 കിലോമീറ്റര്‍ നടന്ന് പെല്‍ഹാമിലെ തന്റെ ജോലി സ്ഥലത്തെത്തി.

ആദ്യം വാള്‍ട്ടര്‍ നടന്നാണ് ഓഫിസിലെത്തിയതെന്ന കാര്യം ആരും ശ്രദ്ധിച്ചില്ല. പക്ഷേ കമ്പനിയുടെ സിഇഒ ലൂക്ക് മാര്‍ക്കലിന്‍ ഇക്കാര്യം മനസ്സിലാക്കി. ഒരു രാത്രി മുഴുവന്‍ നടന്നാണ് വാള്‍ട്ടര്‍ ജോലിക്കായി ഓഫിസിലെത്തിയതെന്ന് മനസ്സിലാക്കിയ ലൂക്ക് യുവാവിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടനായി സ്വന്തം കാര്‍ യുവാവിന് നല്‍കിയാണ് സന്തോഷം വങ്കുവച്ചത്. വാള്‍ട്ടറിനെയും ലൂക്കിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

ജീവനക്കാരന് സ്വന്തം കാര്‍ സമ്മാനിച്ച സിഇഒയ്ക്കും ജോലിയോട് ആത്മാര്‍ത്ഥ കാട്ടിയ യുവാവിനും കൈയ്യടികളാണ് ഉയരുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related posts