കളഞ്ഞുകിട്ടിയ 50,000 രൂപ അധ്യാപകര്‍ മുഖേന പോലീസില്‍ ഏല്‍പ്പിച്ചു! സത്യസന്ധതയ്ക്ക് പ്രതിഫലം നല്‍കിയത് മഹാനടനും; മുഹമ്മദ് യാസീന്‍ എന്ന ഏഴു വയസുകാരന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

നന്മകള്‍ക്ക് എക്കാലവും പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും എന്നതിന് പല തരത്തിലുള്ള തെളിവുകളുമുണ്ട്. ഇത്തരത്തില്‍ സത്യസന്ധത കാട്ടിയ ഒരു ഏഴു വയസുകാരന് ലഭിച്ച പ്രതിഫലമാണ് വാര്‍ത്തയായിരിക്കുന്നത്. നടന്‍ രജനീകാന്ത് വഴിയാണ് നിഷ്‌കളങ്കമായ സത്യസന്ധതയ്ക്ക് ഏഴുവയസ്സുകാരന് പ്രതിഫലം ലഭിച്ചിരിക്കുന്നത്.

റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ അധ്യാപകര്‍ മുഖേന പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു മുഹമ്മദ് യാസീന്‍ എന്ന ഏഴു വയസ്സുകാരന്‍. വാര്‍ത്തയറിഞ്ഞ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, യാസിനെ തന്റെ വസതിയിലേയ്ക്ക് വിളിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അഭിനന്ദിക്കുക മാത്രമല്ല, ഇനി മുതല്‍ അവന്റെ മുഴുവന്‍ പഠനച്ചെലവും താന്‍ വഹിക്കുമെന്നും മകനെപ്പോലെ കരുതി സഹായിക്കുമെന്നും രജനീകാന്ത് അറിയിച്ചു.

നീ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിട്ടും അത് എടുക്കാതെ എന്തുകൊണ്ട് തിരിച്ചുനല്‍കാന്‍ തയ്യാറായെന്ന് താന്‍ അവനോട് ചോദിച്ചെന്നും, അത് എന്റേതല്ല, അതുകൊണ്ടാണ് അത് പോലീസിനെ ഏല്‍പ്പിച്ചതെന്നുമാണ് അവനെനിക്ക് നല്‍കിയ മറുപടിയെന്നും രജനീകാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈറോഡ് ഖനിറാവുത്തര്‍കുളത്ത് വാടകവീട്ടില്‍ താമസിക്കുന്ന ബാഷ-അബ്രോസ് ബീഗം ദമ്പതികളുടെ ഇളയമകനായ മുഹമ്മദ് യാസീന്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ജൂലൈ 11ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് റോഡില്‍കിടന്ന ബാഗില്‍നിന്ന് അരലക്ഷം രൂപയുടെ കറന്‍സി ലഭിച്ചത്. ഇത് യാസീന്‍ ക്ലാസ് ടീച്ചറെ ഏല്‍പിച്ചു. യാസീന്‍ ആഗ്രഹം പോലെ ആ മഹാനടനെ കണ്ടു. ഇനി അവനെ രജനീകാന്ത് പഠിപ്പിക്കും. പിന്നീട്, യാസീനെയുമായി ഹെഡ്മാസ്റ്ററും അധ്യാപകരും ഈ റോഡ് ജില്ലാ പോലീസ് സൂപ്രണ്ട് ശക്തി ഗണേഷിന്റെ ഓഫിസിലെത്തി തുക കൈമാറി. ജൂലൈ 19ന് യാസീന്റെ സത്യസന്ധതയെ പ്രകീര്‍ത്തിച്ച് അഭിനന്ദനയോഗം സംഘടിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

യാസീനെക്കുറിച്ചുള്ള വാര്‍ത്ത മുഖ്യധാര, സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിലൂടെ രജനീകാന്തിനെ കാണണമെന്ന ആഗ്രഹം യാസീന്‍ പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹം ചെന്നൈ പോയസ്ഗാര്‍ഡനിലെ വസതിയിലേക്ക് വിളിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് യാസീനും മാതാപിതാക്കളും ചെന്നൈയിലെത്തിയത്.

യാസീനെ കണ്ടയുടനെ കെട്ടിപ്പിടിച്ച രജനീകാന്ത് തന്റ മടിയിലിരുത്തി കഴുത്തില്‍ സ്വര്‍ണമാലയിട്ടുകൊടുത്തു. മകനെ നല്ലനിലയില്‍ വളര്‍ത്തിയതിന് രജനികാന്ത് മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നീട്, യാസീനും കുടുംബാംഗങ്ങളും കണ്ണീരോടെ രജനീകാന്തിന് നന്ദി പറഞ്ഞു. യാസീന്റെ പിതാവ് ബാഷ ഈ റോഡില്‍ ബനിയന്‍തുണി വ്യാപാരിയാണ്.

Related posts