ജിയോയുടെ ഉപയോക്താക്കള്‍ നന്ദി പറയേണ്ടത് ഇഷാ അംബാനിയോട്; ജിയോ മകളുടെ ആശയമെന്ന വെളിപ്പെടുത്തലുമായി മുകേഷ് അംബാനി; ജിയോ ഇറക്കാന്‍ പ്രേരിപ്പിച്ചത് ഇക്കാര്യവും…

ഇന്ത്യന്‍ ടെലികോം രംഗത്ത് എതിരാളികളെ കടത്തിവെട്ടി മുന്നേറുകയാണ് റിലയന്‍സിന്റെ ജിയോ. 2016 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡേറ്റ ഉപയോഗത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയില്‍ എത്തിച്ചിട്ടുണ്ട്.
കുറഞ്ഞ നിരക്കില്‍ സൗജന്യ ഡാറ്റയും കോളുകളും എസ്എംഎസുകളും ആണ് റിലയന്‍സ് ജിയോയുടെ സവിശേഷത. വളരെ കുറഞ്ഞ കാലയളവില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്ത ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി.

”2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്‌സ്വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറഞ്ഞു”, അംബാനി ആ നിമിഷം ഓര്‍ത്തെടുത്തു.

”പഴയ കാലത്ത് ടെലികോം ശബ്ദം ആയിരുന്നു, കോളുകള്‍ക്കായി ജനങ്ങള്‍ പണം ചെലവഴികുമായിരുന്നു, എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്. ഇഷയും ആകാശും ഇന്ത്യയുടെ പുതുതലമുറക്കാരാണ്. അവര്‍ രണ്ടുപേരുമാണ് ഇന്നത്തെ യുഗത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റാണ് എല്ലാമെന്നും ഇന്ത്യ അതില്‍ പുറകിലാകാന്‍ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത്”, അംബാനി പറഞ്ഞു.

”ആ സമയത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഡാറ്റ ഉപയോഗിക്കാന്‍ ജനങ്ങള്‍ വലിയ തുക മുടക്കണം. ഭൂരിഭാഗം ജനങ്ങള്‍ക്ക് അത് താങ്ങാനാവുന്നതായിരുന്നില്ല. അങ്ങനെയാണ് കുറഞ്ഞ നിരക്കില്‍ അതിവേഗ ഡേറ്റ ജനങ്ങള്‍ക്ക് എങ്ങനെ നല്‍കാമെന്ന് ഞാന്‍ ചിന്തിച്ചത്. അതാണ് 2016 സെപ്റ്റംബറില്‍ ജിയോ ലോഞ്ചിലേക്ക് നയിച്ചത്” അംബാനി പറഞ്ഞു. എന്തായാലും കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇന്ന് നന്ദി പറയേണ്ടത് ഇഷ അംബാനിയോടാണ് എന്ന് സാരം.

 

Related posts