അവള്‍ ആത്മഹത്യ ചെയ്യില്ല, തലേദിവസം രാത്രി വരെ സന്തോഷത്തോടെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ച പാര്‍വതിയെ വീട്ടുകാര്‍ പുലര്‍ച്ചെ കാണുന്നത് മരിച്ചനിലയില്‍, തലേദിവസം ഫോണില്‍ വന്ന സന്ദേശം എന്തായിരുന്നു

റാന്നി കൊറ്റനാട് പന്നികുന്നില്‍ പി. കെ. രാജശേഖരന്‍ നായരുടെ മകള്‍ പാര്‍വതി പി. രാജിന്റെ (ശ്രീജ – 26) ദുരൂഹമരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.

ജൂണ്‍ 24 ന് പുലര്‍ച്ചെയാണ് പാര്‍വതിയെ വീട്ടു മുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ അന്നു തന്നെ പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എംടെക് ബിരുദ ധാരിയായ പാര്‍വതി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

23 ന് രാത്രിയിലും അവര്‍ സന്തോഷവതിയായിരുന്നു. രാത്രിയില്‍ പാര്‍വതിയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് യുവാക്കള്‍ അയച്ച സന്ദേശങ്ങള്‍ സംശയമുണര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു. ഇത് പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അന്വേഷണം ഊര്‍ജിതമാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.കൊറ്റനാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മനോജ്ചരളേല്‍ അധ്യക്ഷത വഹിച്ചു.

Related posts