ആയിരം കഴുതകളേക്കാള്‍ ഭേദമാണ് വയസായ ഒരു പടക്കുതിര! മന്‍മോഹന്‍സിംഗിന്റെ നിശ്ശബ്ദതയ്ക്ക് ചെയ്യാനായതൊന്നും ബിജെപിയുടെ ശബ്ദബഹളങ്ങള്‍ക്ക് ചെയ്യാനായിട്ടില്ല; ക്ഷമാപണവുമായി നവജ്യോത് സിംഗ് സിദ്ദു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ച് മുമ്പൊരിക്കല്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു രംഗത്ത്. മന്‍മോഹന്‍ സിംഗ് ഒരേസമയം സര്‍ദാറും ‘അസര്‍ദാറും’ (കാര്യക്ഷമതയുള്ള) ആണെന്നും അദ്ദേഹം പറഞ്ഞു.

തല കുനിച്ചുകൊണ്ട് എനിക്ക് മന്‍മോഹന്‍ സിംഗിനോട് ക്ഷമാപണം നടത്തണം. മന്‍മോഹന്‍സിംഗിന്റെ നിശ്ശബ്ദതയ്ക്ക് ചെയ്യാനായതൊന്നും ബിജെപിയുടെ ശബ്ദബഹളങ്ങള്‍ക്ക് ചെയ്യാനായിട്ടില്ല. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുപിഎ സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നത്. ഇക്കാര്യം എനിക്ക് ഉറക്കെ പറയണം. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ദു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മന്‍മോഹന്‍ സിംഗ്, താങ്കള്‍ ഒരു ജ്യോത്സ്യനാണ്. ജിഡിപിയില്‍ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്ന് താങ്കള്‍ പ്രവചിച്ചു, അത് സത്യമായി. താങ്കളുടെ കാലത്ത് സമ്പദ് രംഗം ഒരു അറബി കുതിരയെപ്പോലെ കുതിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോളാകട്ടെ അത് ആമയെപ്പോലെയാണ് നീങ്ങുന്നത്. ബിജെപിക്കാര്‍ ഒന്നു മനസ്സിലാക്കണം. അറബിക്കുതിര പ്രായമേറിയതും ക്ഷീണിതനുമായിരിക്കാം. എന്നാല്‍, ഒരുകൂട്ടം കഴുതകളേക്കാള്‍ അത് എന്തുകൊണ്ടും ഭേദമാണ്. സിദ്ദു വ്യക്തമാക്കി.

ബിജെപി എംപിയായിരുന്നപ്പോഴാണ് സിദ്ദു മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചുകൊണ്ട് ‘പപ്പു പ്രധാനമന്ത്രി’ എന്ന പരാമര്‍ശം നടത്തിയത്. മന്‍മോഹന്‍സിംഗ് ഒരു സര്‍ദാര്‍ ആയിരിക്കാം, എന്നാല്‍ തീരെ ‘അസര്‍ദാര്‍’ ഉള്ള (കാര്യക്ഷമതയുള്ള) വ്യക്തി അല്ലെന്നും അന്ന് സിദ്ദു പറഞ്ഞിരുന്നു.

Related posts