അപൂര്‍വ പനിയുടെ കാരണക്കാരനായ വൈറസ് വിദേശിയോ ? സംസ്ഥാനത്ത് അപൂര്‍വ പനിബാധിച്ച് ജീവന്‍ നഷ്ടമായത് മൂന്നുപേര്‍ക്ക്; നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇങ്ങനെ…

പേരാമ്പ്ര: അപൂര്‍വ വൈറസ് ബാധ കേരളത്തെ ഭീതിയിലാഴ്ത്തുന്നു. കോഴിക്കോട് അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. നാളെ ഇതു സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് വിവരം. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്.

ഈയൊരു പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. മരിച്ചവരുടെ സ്രവ സാമ്പിളുകള്‍ പൂനയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വവ്വാലില്‍നിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് അഞ്ചു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസാണ് നിപ്പാ വൈറസ്(എന്‍ഐവി)അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.

Related posts