പൊന്നു കിംഗ് ഉന്‍ അണ്ണാ ഇതിലും ഭേദം ട്രാക്കില്‍ കിടന്നു ചാകുന്നതാ… മെഡലില്ലാത്ത ഉത്തരകൊറിയന്‍ കായികതാരങ്ങളെ കാത്തിരിക്കുന്നത് കൊടുംശിക്ഷ!

Kim_jong_unനൂറിലേറെ കായികതാരങ്ങളുമായാണ് ഇന്ത്യ റിയോയിലേക്കു പുറപ്പെട്ടത്. എന്നാല്‍ അവരില്‍ രണ്ടു പേര്‍ക്കു മാത്രമേ മെഡല്‍ കണ്ടെത്താനായുള്ളൂ. വിജയശ്രീലാളിതരായി എത്തിയവരെ രാജ്യം വലിയ ആവേശപൂര്‍വം സ്വീകരിച്ചു. അതേസമയം, പരാജിതരായി മടങ്ങിയെത്തിയവര്‍ക്ക് തങ്ങളുടെ പ്രകടനം കൂടുതല്‍ മികച്ചതാക്കാന്‍ പ്രോത്സാഹനം നല്കുകയാണ് നമ്മുടെ രാജ്യം ചെയ്തത്. ഇത് ഇന്ത്യയിലെ കഥ. എന്നാല്‍ എല്ലായിടത്തും ഇങ്ങനെയാണെന്നു കരുതരുത്. പ്രത്യേകിച്ചും ഉത്തരകൊറിയയില്‍. അവിടെ മെഡല്‍ കിട്ടാതെ തിരിച്ചുചെന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയാണ്. റിയോയില്‍ നിരാശപ്പെടുത്തിയ കായികതാരങ്ങളെ കല്‍ക്കരിഖനികളില്‍ ജോലിക്ക് അയയ്ക്കാനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ കല്‍പന.

മിനിമം 17 മെഡലെങ്കിലും കൊണ്ടേ വരാവൂ എന്നാണ് റിയോയിലേക്ക് പോകാനൊരുങ്ങിയ കായികതാരങ്ങള്‍ക്ക് ഏകാധിപതി നല്കിയ കല്‍പന. അഞ്ചു സ്വര്‍ണമെഡലില്‍ കുറയാതെ കൊണ്ടുവരുമെന്ന് ഒളിമ്പിക് ഒഫീഷ്യല്‍ യുന്‍ യോംഗ് ബോക് പറയുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെ നിരാശാജനകമായ പ്രകടനമാണ് രാജ്യം കാഴ്ചവച്ചത്. രണ്ടു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലായിരുന്നു സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തിലും പുരുഷന്മാരുടെ ജിംനാസ്റ്റിക്‌സ് വോള്‍ട്ടിലുമാണ് ഉത്തരകൊറിയയുടെ സ്വര്‍ണനേട്ടം. അതേസമയം, കിമ്മിന്റെ പ്രധാന എതിരാളികളായ ദക്ഷിണകൊറിയ ഒമ്പതു സ്വര്‍ണമടക്കം 21 മെഡലുകളുമായാണ് നാട്ടിലെത്തിയത്.

മെഡല്‍ ലഭിച്ചവര്‍ക്ക് രാജകീയ സ്വീകരണവും വന്‍ ആനുകൂല്യങ്ങളുമാണ് കിം നല്കിയത്. പുതിയ പാര്‍പ്പിടസൗകര്യങ്ങള്‍, കാര്‍, കൂടുതല്‍ റേഷന്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍. എന്നാല്‍ വെറുംകൈയോടെ മടങ്ങിയവരുടെ കാര്യത്തില്‍ അദ്ദേഹം നല്ല ദേഷ്യത്തിലാണ്. ഖനികളിലേക്ക് അയയ്ക്കുന്നതു കൂടാതെ അവരുടെ താമസസൗകര്യങ്ങള്‍ കുറയ്ക്കുക, റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യുക എന്നിങ്ങനെയുള്ള പ്രതികാര നടപടികളും കിം തീരുമാനിച്ചിട്ടുണ്ട്. ഉത്തരകൊറിയയില്‍ സര്‍ക്കാരിന്റെ റേഷന്‍ കടകള്‍ വഴി മാത്രമേ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ ഈ നടപടി കായികതാരങ്ങളെ പട്ടിണിക്കിടുന്നതിനു തുല്യമാണ്. കായികതാരങ്ങളുടെ ബന്ധുക്കള്‍ക്കും ചിലപ്പോള്‍ കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യേണ്ടി്‌വരും. നേരത്തെ, 2010 ഫുട്‌ബോള്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനോട് ഏകപക്ഷീയമായ ഏഴു ഗോളിനു തോറ്റ ഉത്തരകൊറിയന്‍ ടീമംഗങ്ങളെ മുഴുവന്‍ കല്‍ക്കരി ഖനികളിലേക്ക് അയച്ചിരുന്നു. ഇത്തരത്തില്‍ ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് വീട്ടുകാരെ പോലും കാണാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ.

Related posts