നോട്ട് നിരോധനത്തില്‍ കത്തിച്ചുകളഞ്ഞതും ഉപേക്ഷിച്ചതും കോടികളുടെ കള്ളനോട്ടുകള്‍, 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് പറഞ്ഞ് നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവര്‍ വായിച്ചറിയാന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം വന്‍ പരാജയമായിരുന്നോ? ബുദ്ധിജീവികള്‍ തീരുമാനം വന്‍ ഫ്‌ളോപ്പാണെന്ന് പറയുമ്പോള്‍ സാമ്പത്തിക വിദഗ്ധരില്‍ പലര്‍ക്കും മറിച്ചൊരു അഭിപ്രായമാണ്. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയത് ഉയര്‍ത്തിക്കാണിച്ചാണ് നോട്ട് നിരോധനം പാഴ്‌വേലയായിരുന്നുവെന്ന് ഇക്കൂട്ടര്‍ സമര്‍ഥിക്കുന്നു. എന്നാല്‍ ആരും കാണാത്ത, അല്ലെങ്കില്‍ മനപൂര്‍വം അവഗണിച്ച ഒരു വസ്തുതയുണ്ട്. കണക്കില്ലാത്ത കള്ളപ്പണത്തെ മാത്രം നോട്ടമിട്ടായിരുന്നില്ല നോട്ട് നിരോധിക്കല്‍.

പാക്കിസ്ഥാനില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ ഇന്ത്യന്‍ കറന്‍സിയാണ് ഇന്ത്യയിലേക്ക് ഒഴുകിയിരുന്നത്. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍. വലിയതോതില്‍ ഈ കള്ളനോട്ടുകള്‍ കേരളത്തിലേക്ക് വരെ ഒഴുകിയെത്തി. മലബാറിലും പെരുമ്പാവൂരിലും പണ്ട് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് വാര്‍ത്തയേ ആയിരുന്നില്ല. ഇത്തരത്തില്‍ കള്ളനോട്ടുകള്‍ വ്യാപിച്ച സമയത്ത് അതിനെ പ്രതിരോധിക്കാന്‍ സുരക്ഷ ഏജന്‍സികള്‍ പോലും പരാജയപ്പെട്ടിരുന്നു. നോട്ട് നിരോധനം ഇത്തരം കള്ളനോട്ട് മാഫിയയെ പ്രതികൂലമായി ബധിച്ചു. അത് എങ്ങനെയാണെന്ന് നോക്കാം.

ഒരാളുടെ കൈയില്‍ പത്തുകോടിയുടെ കള്ളനോട്ടുകള്‍ ഉണ്ടെന്നുവയ്ക്കുക. നോട്ട് നിരോധനത്തോടെ അയാള്‍ക്ക് ആ കള്ളനോട്ടുകള്‍ കൊണ്ട് ഒന്നും ചെയ്യാനാകില്ല. കള്ളനോട്ടായതിനാല്‍ ബാങ്കില്‍ മാറാന്‍ പോയാല്‍ പോലീസ് പിടികൂടും. അതുകൊണ്ട് കണക്കില്ലാത്ത കള്ളനോട്ടുകള്‍ ഒന്നുകില്‍ കത്തിച്ചുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുക മാത്രമാണ് അയാളുടെ മുന്നിലുള്ള പോംവഴി. ഈ കള്ളനോട്ടുകള്‍ക്ക് കണക്കില്ലാത്തതാണല്ലോ. ഇത്തരത്തില്‍ കേരളത്തിലും ഉത്തരേന്ത്യയിലുമടക്കം നിരവധി കള്ളനോട്ട് മാഫിയകള്‍ക്കാണ് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്.

തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുത്ത് മാത്രം നോട്ട് നിരോധനത്തിന്റെ വിജയപരാജയങ്ങള്‍ കണക്കാക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്. കാഷ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തീവ്രവാദത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കള്ളനോട്ടുകളായിരുന്നു. കണക്കില്‍പ്പെടാത്ത പണമല്ല. തീര്‍ച്ചയായും നോട്ട് നിരോധനം പൂര്‍ണമായും പരാജയമാണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ലെന്നു ഉറപ്പിച്ചുപറയാം.

Related posts