ആരും ഞങ്ങളുടെ കാര്യം അന്വേഷിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ ? സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നഴ്‌സുമാര്‍ നല്‍കുന്നത് പതിനൊന്നു ലക്ഷം രൂപ;കൂടാതെ സേവനവും ലഭ്യമാക്കും

തൃശൂര്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്ന ഉത്തരവു പുറത്തിറങ്ങിയെങ്കിലും ഇന്നും ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയായാലും ആതുരസേവനം മുഖമുദ്രയായ നഴ്‌സുമാര്‍ പ്രളയക്കെടുതില്‍ പെട്ടവരെ തങ്ങളാലാകും വിധം സഹായിക്കാന്‍ മുന്നോട്ടു വന്നത് കേരളം കാണേണ്ടതാണ്.പ്രളയ ദുരിതത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും.

ചൊവ്വാഴ്ച മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സേവനസജ്ജരാകും. അംഗങ്ങള്‍ വഴി അരി, പഞ്ചസാര ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളും പുതപ്പ് അടക്കം വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അമ്പതോളം നഴ്‌സുമാരാണ് സംഘത്തിലുണ്ടാകുന്നത്. മിത്ര ജ്യോതി ട്രൈബല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാവും.

തെക്കന്‍ ജില്ലയിലെ നഴ്‌സുമാര്‍ കുട്ടനാട്ടില്‍ സേവനം നല്‍കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നഴ്‌സുമാര്‍ ഇതിനകം തന്നെ 1150 കിലോ അരിയും 140 കിലോ പഞ്ചസാരയും തേയിലയും ബിസ്‌കറ്റും ഉള്‍പ്പടെ വിവിധ സാധനങ്ങള്‍ കുട്ടനാട്ടെ ദുരിതബാധിതര്‍ക്ക് കൈമാറിക്കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ വയനാട്ടെ മാനന്തവാടി, വൈത്തിരി, പനമരം തുടങ്ങിയ ദുരിതബാധിത മേഖലകളിലും നഴ്‌സുമാര്‍ സഹായങ്ങള്‍ എത്തിക്കും. എറണാകുളം ജില്ലാകമ്മിറ്റി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സഹായങ്ങള്‍ നല്‍കും. ഓണാഘോഷത്തിനായി മാറ്റിവച്ചതുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. യുഎന്‍എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആഗസ്റ്റ് മാസത്തില്‍ നിശ്ചയിച്ച മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവയ്ക്കാന്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരമിരിക്കുന്ന നഴ്‌സുമാര്‍ക്ക് നല്‍കിവരുന്ന പ്രതിദിന ബത്തയ്ക്ക് പുറമെ, ഓണത്തിന് മുമ്പായി 3000 രൂപ വീതം പ്രത്യേക ഉത്സവബത്ത വിതരണം ചെയ്യും. അപകടം, രോഗം എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ കഴിയുന്ന യുഎന്‍എ അംഗങ്ങളായ നഴ്‌സുമാര്‍ക്ക് നല്‍കിവരുന്ന ജീവനാംശ വിതരണം 22 പേരിലേക്ക് ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ ജനങ്ങള്‍ കൈയ്യയച്ച് സഹായമെത്തിക്കുന്നുണ്ട്. പ്രമുഖ വ്യവസായികളും സാധാരണക്കാരും സാമ്പത്തിക അതിര്‍വരമ്പുകള്‍ സാരമാക്കാതെ പ്രളയബാധിതര്‍ക്ക് താങ്ങായി എത്തി. തങ്ങളുടെ കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിന് നേരമില്ലെങ്കിലും പരിഭവങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുകയാണ് ഭൂമിയിലെ ഈ മാലാഖമാര്‍.

Related posts