നിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന വൻ മാഫിയ സജീവം; നോട്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തൻപണമായി തിരിച്ചു വരുന്നതായി സൂചന; ‍ അന്വേഷണം തുടങ്ങി

rupees-thousandപുതുക്കാട്/തൃശൂർ: രാജ്യത്ത് നിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന വൻ മാഫിയ സജീവം. കള്ളപ്പണക്കാരും മറ്റും ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കുന്ന പഴയ 500, 1000 രൂപ നോട്ടുകൾ വിലകൊടുത്ത് വാങ്ങുന്ന മാഫിയയാണ് സജീവമായിട്ടുള്ളത്. പുതുക്കാട് പിടിയിലായ സംഘം നൽകുന്ന സൂചനകൾ ഇതാണ്. ഈ നോട്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തൻപണമാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതായാണ് സൂചനകളുള്ളത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണ പോലീസിനോ എൻഫോഴ്സ്മെന്‍റിനോ ലഭിച്ചിട്ടില്ലെങ്കിലും വിദേശത്തേക്ക് പഴയ ഇന്ത്യൻ കറൻസികൾ എന്തിനു കടത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എയർപോർട്ടുകളിൽ പരിശോധനകൾ കർശനമായതിനാൽ കണ്ടൈനറുകൾ വഴി കപ്പലിലാണ് നോട്ടുകൾ അയക്കുന്നതെന്നാണ് പുതുക്കാട് പിടിയിലായവരിൽ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള സൂചനകൾ. കേരളത്തിന്‍റെ പല ഭാഗത്തു നിന്നും ഇത്തരത്തിൽ പഴയ 500, 1000 നോട്ടുകൾ  തുകയുടെ 30 ശതമാനം നൽകിയാണ് വിലകൊടുത്ത് വാങ്ങുന്നത്. നിരോധിച്ച പഴയ നോട്ടുകൾക്ക് ഇന്ത്യയിൽ മൂല്യമില്ലെങ്കിലും ഏതൊക്കെയോ വിദേശ രാജ്യങ്ങളിൽ ഏതൊക്കെയോ രീതികളിൽ അവയ്ക്ക് ഇപ്പോഴും മൂല്യമുണ്ടെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്.

ഇതെങ്ങിനെയാകുമെന്നതിനെക്കുറിച്ച് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മാഫിയക്ക് മാത്രമാണ് ഇപ്പോൾ അറിവുള്ളു. നിരോധിച്ച നോട്ടുകൾ തന്നെയാണ് കാറിൽ കടത്തുന്നതെന്ന് മനസിലാക്കി അത് തട്ടിയെടുക്കാൻ തന്നെയാണ് പുതുക്കാട് മറ്റൊരു സംഘമെത്തിയതെന്ന് പോലീസ് പറയുന്നു. നിരോധിച്ച നോട്ടിന്‍റെ മൂല്യം മനസിലാക്കിയതുകൊണ്ടാണ് ഇവർ പണം തട്ടിയെടുക്കാനെത്തിയത്.

അന്താരാഷ്ട്രതലത്തിലേക്ക് നീളുന്ന വിഷയമായതിനാൽ സംസ്ഥാന സർക്കാരിനോ പോലീസിനോ കൂടുതൽ ഈ കേസിൽ ഇടപെടാൻ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. കണ്ടൈനറുകൾ വഴി കടത്തുന്ന പഴയ ഇന്ത്യൻ റുപ്പി പുത്തൻപണമായി എങ്ങിനെ തിരിച്ചെത്തുന്നുവെന്ന അന്വേഷണം വരും ദിവസങ്ങളിൽ കേന്ദ്രസർക്കാർ നടത്തുമെന്ന സൂചനയുമുണ്ട്. രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥക്ക് ദോഷമാകുംവിധം കോടികളുടെ പുതിയ നോട്ടുകൾ കള്ളപ്പണമായി ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Related posts