അലി ഹാഷിമി നീയാണ് ഹീറോ! കത്തിയെരിയുന്ന കാറില്‍ നിന്നു കുട്ടികളെ രക്ഷിക്കുന്ന ഒമാന്‍ സ്വദേശിയുടെ സാഹസികതയ്ക്ക് കൈയ്യടിച്ച് ലോകം

Fire_omanകത്തിയെരിയുന്ന കാറിനുള്ളില്‍ നിന്ന് കുട്ടികളെ അതിസാഹസികമായി ഒമാന്‍ സ്വദേശി രക്ഷിച്ചു. സുര്‍ പ്രവിശ്യയിലാണ് സംഭവം. മുഹമ്മദ് അലി ഹാഷിമി എന്ന യുവാവാണ് ജീവന്‍ പണയം വച്ച് കുട്ടികളെ പുറത്തെടുത്തത്. നാലു വയസുകാരനായ ഘാസി, മൂന്നുവയസുള്ള സുലൈമാന്‍ എന്നിവരെ കാറിലിരുത്തി ജോര്‍ദാന്‍കാരനായ പിതാവ് അടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ കയറിയതായിരുന്നു. ഈസമയം, കാറിനു തീപിടിച്ചു. ഇതോടെ കുട്ടികള്‍ ഉറക്കെ കരഞ്ഞു. കുട്ടികളുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ക്കൊപ്പം ഓടിയെത്തിയ ഹാഷിമി ഡോര്‍ തുറന്ന് തീനാളങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടികളെ വലിച്ചെടുത്തു. ഗുരുതരമായി പൊള്ളലേറ്റ കുട്ടികള്‍ സുര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹാഷിമിക്കും ചെറിയ പൊള്ളലേറ്റു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവസ്ഥലത്തു കൂടി കാറില്‍ പോകുകയായിരുന്ന താന്‍ കുട്ടികളുടെ കരച്ചില്‍ കേട്ട് വാഹനം നിര്‍ത്തുകയായിരുന്നുവെന്നും സ്വന്തം ജീവനെക്കുറിച്ച് ആലോചിക്കാന്‍ അപ്പോള്‍ സമയമില്ലായിരുന്നുവെന്നും ഹാഷിമി പറഞ്ഞു. കുട്ടികളുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ കാമ്പയിനും ഒമാനില്‍ ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ‘നന്ദി ഹാഷിമി’ എന്ന ഹാഷ്ടാഗില്‍ ഹാഷിമിയുടെ ധീരകൃത്യത്തെ പ്രകീര്‍ത്തിച്ച് സന്ദേശങ്ങള്‍ നിറയുകയാണ്.

Related posts