അവിശ്വാസത്തിലൂടെ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി ! പാര്‍ട്ടിയ്‌ക്കെതിരേ ആത്മഹത്യാ കുറിപ്പെഴുതി പ്രസിഡന്റ് കൊച്ചിക്കായലില്‍ ചാടി; വൈപ്പിനില്‍ നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ ഇങ്ങനെ…

വൈപ്പിന്‍: അവിശ്വാസപ്രമേയം നേരിട്ട് പുറത്തായ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(72) കൊച്ചിക്കായലില്‍ ചാടി. ഇന്നലെ രാത്രി ഏഴരയോടെ ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നു വൈപ്പിനിലേക്കു പോയ ബോട്ട് ജെട്ടിയില്‍ അടുക്കാനിരിക്കെയാണ് ഇയാള്‍ കായലിലേക്കു ചാടിയത്. കായലിലേക്കു ചാടുന്നതിനു തൊട്ടുമുമ്പ് യാത്രക്കാരനെ ഏല്‍പ്പിച്ച ആത്മഹത്യാക്കുറിപ്പ് മുളവുകാട് പോലീസ് പരിശോധിച്ചു. ഫോര്‍ട്ട്‌കൊച്ചി പോലീസും കോസ്റ്റല്‍ പോലീസും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

വളപ്പ് വട്ടത്തറ കുടുംബാംഗമായ ഇദ്ദേഹം 13 വര്‍ഷമായി ഗ്രാമപഞ്ചായത്തംഗമാണ്. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ടു കോണ്‍ഗ്രസ് റിബലുകളുടെ പിന്തുണയോടെയായിരുന്നു സിപിഎമ്മുകാരനായ കൃഷ്ണന്‍ പ്രസിഡന്റായത്. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിലേക്കു തിരികെപോയതു ഭരണമാറ്റത്തിനു കാരണമായി. തന്നെ പുകച്ചുപുറത്തു ചാടിക്കാന്‍ എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റി ശ്രമിക്കുന്നതായി കൃഷ്ണന്‍ ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്ഥാനനഷ്ടമല്ല ആത്മഹത്യക്കു കാരണമെന്നും തന്നെ പുകച്ചുപുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ സി.പി.എം. ലോക്കല്‍ കമ്മറ്റിയെന്നും കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി.കൂടി പിന്തുണച്ചതോടെ മേയ് 31നാണ് കൃഷ്ണനു പ്രസിഡന്റ് സ്ഥാനംനഷ്ടമായത്. ലോക്കല്‍ കമ്മിറ്റിയംഗമായ കൃഷ്ണന്‍ തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ഇന്നലെ വൈകിട്ട് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും പങ്കെടുത്തിരുന്നു.

റെയില്‍വേ മെയില്‍ സര്‍വീസില്‍നിന്നു വിരമിച്ചശേഷം 2005ലും 2011ലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്.പക്ഷം നടത്തിയ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുണ്ടായിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന ഭൂരിപക്ഷം പേരും ഒരു വര്‍ഷം മുമ്പു സി.പി.ഐയിലേക്കു ചേക്കേറിയിരുന്നെങ്കിലും കൃഷ്ണന്‍ സിപിഎമ്മില്‍ തുടരുകയായിരുന്നു.

Related posts