ആശുപത്രിയില്‍ പോവാതെ പപ്പായയും പാഷന്‍ ഫ്രൂട്ടും കഴിച്ചാല്‍ ഡെങ്കിപ്പനി മാറുമോ? അതോ കപടചികിത്സകരുടെ കുപ്രചാരണമോ? സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് പിന്നിലെ സത്യമെന്ത്

ggfnjfഡെങ്കിപ്പനിയുടെ വ്യാപനം ആശങ്ക പടര്‍ത്തിയതോടെയാണ് പപ്പായ ഇലയുടെ സാധ്യതകളെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ചിലര്‍ പപ്പായ ഇലകള്‍ ചവച്ചും അരച്ചും കഴിക്കാനും തുടങ്ങി. ഇല ജ്യൂസ് അടിച്ചും കറി വെച്ചും കഴിക്കുന്നവരും കുറവല്ല. 2005 ലാണ് ഇത്തരമൊരു പ്രചാരണം ആരംഭിച്ചത്. എന്നാല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ പ്ലേറ്റ്‌ലെറ്റ്, ശ്വേതരക്താണുക്കള്‍ എന്നിവയുടെ കൗണ്ട് ഉയര്‍ത്തുന്നതിനായി പപ്പായ ഇലയ്ക്ക് കഴിയും എന്ന പ്രചരണത്തിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡെങ്കി രോഗികളിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഒരു സൂചനയാണെന്നും ഈ ലക്ഷണത്തില്‍ അമിതമായി ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ശരിയായ ചികിത്സയും മതിയായ വിശ്രമവുമാണ് ഈ രോഗത്തിനാവശ്യം.

ശരീരത്തിന്റെ പ്രതിരോധ ശേഷിയാണ് ഡെങ്കിയുടെ പ്രധാന മരുന്ന്. ഡെങ്കിപ്പനി ഭേദമായിത്തുടങ്ങുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ്കളുടെ അളവ് പൊടുന്നനെ വര്‍ധിക്കുകയാണ് പതിവ്. ഡെങ്കി സ്ഥിരീകരിച്ചവര്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്. പപ്പായ മാഹാത്മ്യത്തിന്റെ ചര്‍ച്ചകള്‍ കത്തികയറുപ്പോല്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവയ്ക്കുന്നത് ഇങ്ങനെ: ഡെങ്കിപ്പനി വ്യാപകമായി പടരുന്നത് ആശങ്ക പടര്‍ത്തിയ പശ്ചാത്തലത്തില്‍ പണം ഉണ്ടാക്കുവനായി ചിലര്‍ സാഹചര്യം ചൂഷണം ചെയ്യുകയാണ്. വ്യാപകമായി പ്രചരിക്കുന്ന ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ക്ക് ശാസ്ത്രീയമായ അടത്തറയില്ല. അതേസമയം, പപ്പായ സത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു ടാബ്ലറ്റ് ആയൂഷ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെന്നും ഉത്തരേന്ത്യയില്‍ ഇത് ലഭ്യമാണെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.ഷെര്‍ലി പറയുന്നു.

പുരാതന കാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന തരത്തില്‍ പപ്പായയുടെ ശക്തിയെക്കുറുച്ച് യാതൊരു സൂചനയുമില്ല. എന്നാല്‍, ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായ സാഹചര്യത്തില്‍ കുറെ ആളുകള്‍ അത് ഉപയോഗിക്കുന്നുണ്ട്. സ്വയം പപ്പായ ചികിത്സ നടത്തിയവരില്‍ ചിലര്‍ക്ക് അസിഡിറ്റി പോലുള്ള ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡെങ്കിപ്പനി പോലുള്ള പല രോഗങ്ങള്‍ക്കും സ്വയം പരിഹാരം കണ്ടെത്താം എന്ന തരത്തില്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ പേരുകളില്‍ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും എന്ന തരത്തില്‍ ഏറെ പ്രചരണം നടക്കുന്ന മറ്റൊരു പഴമാണ് കിവി. പ്രചരണം കത്തിക്കയറിയതിനു പിന്നാലെ പുറംരാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഈ പഴത്തിന്റെ വില കോഴിക്കോട് 27 രൂപയില്‍ നിന്ന് 40 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.

പാരസെറ്റമോള്‍ എലിവിഷമാണെന്നും, പനി ഒരു രോഗമേ അല്ലെന്നും, ആശുപത്രിയില്‍ പോവാതെ, പപ്പായയും, പാഷന്‍ ഫ്രൂട്ടും, കിവിപഴവുമൊക്കെ കഴിച്ചാല്‍ താനേ മാറുന്നതാണെന്നുമുള്ള ചില പ്രഭാഷണങ്ങള്‍ വാടസ്ആപ്പിലും മറ്റും പ്രചരിച്ചത് ആളുകളെ തെറ്റായി സ്വാധീനിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതുകാരണം  പനിവന്നാല്‍ അടിയന്തരമായി ചികിത്സതേടണമെന്നും കൊതുകു നിര്‍മ്മാര്‍ജനത്തിനും പരിസര ശുചിത്വത്തിനും മുന്‍കൈയെടുക്കണമെന്നും, പപ്പായയും പാഷന്‍ ഫ്രൂട്ടും കിവിപഴവുമൊന്നും കഴിച്ചാല്‍ ഡെങ്കിപ്പനി മാറില്ലെന്നും വ്യക്തമാക്കിയാണ്, ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ക്ലാസെടുക്കുന്നത്.

പാരസെറ്റാമോള്‍ എലിവിഷമാണ്, അമേരിക്കയില്‍ ഇത് നിരോധിച്ചിരിക്കുകയാണ്, എന്നിങ്ങനെയുള്ള പ്രചരണങ്ങളാണ് നടന്നുവരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ മൊത്തം മാഫിയയാണെന്ന് ഒരു സിനിമാ നടന്‍ പറഞ്ഞതായുള്ള പത്രവാര്‍ത്തയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എലിവിഷത്തിന്റേതായ യാതൊന്നും ഇല്ലെന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മിതമായ വിലയുള്ള മരുന്നാണിതെന്നും ലോകത്തൊരിടത്തും പാരസെറ്റാമോള്‍ നിരോധിച്ചിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. പപ്പായ ഇലവരെ ജ്യൂസടിച്ച് കഷ്ടപ്പെട്ട് കുടിക്കുന്നവരുണ്ട്. ഇത് ദോഷം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പപ്പായ ഇലയിലെ ചില ആല്‍ക്കലോയിഡുകള്‍ മനുഷ്യന് ഹാനികരമാണെന്ന് വ്യക്തമാക്കിയിരുന്നു. ആധുനിക മരുന്നുകള്‍ മുഴുവന്‍ വിഷമാണെന്നുള്ള പ്രചാരണവും പകര്‍ച്ചപ്പനി നേരിടുന്നതിന് തടസമാവുന്നുണ്ട്.

Related posts