പേ.ടി.എം ഉപഭോക്താക്കളുടെ വിവരങ്ങള്‍ പോലും തങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നല്‍കാറുണ്ടെന്ന പേ.ടി.എമ്മിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് കോബ്രാ പോസ്റ്റ്

ബി.ജെ.പിയ്ക്കു വേണ്ടി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്താനും കലാപം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനും ഇന്ത്യയിലെ മാധ്യമങ്ങള്‍ കോടികള്‍ ആവശ്യപ്പെട്ടെന്ന കോബ്രാ പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി പേ.ടി.എമ്മും. പേ.ടി.എം ഉപഭോക്താക്കളുടെ വിവരങ്ങള്‍ പോലും തങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി നല്‍കാറുണ്ടെന്ന പേ.ടി.എമ്മിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്ന വീഡിയോയാണ് കോബ്രാ പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.

ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ആര്‍.എസ്.എസ് തന്റെ രക്തത്തിലുണ്ടെന്നും പേ.ടി.എം സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് ശേഖര്‍ ശര്‍മ പറയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നിലവില്‍ തങ്ങള്‍ സംഘപരിവാറിനും നരേന്ദ്ര മോദിയ്ക്കുമെല്ലാം ഇത്തരം സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.

പേ.ടി.എമ്മിന്റെ വൈസ് പ്രസിഡന്റ് ആയ സുധാന്‍ഷു ഗുപ്ത, സീനിയര്‍ വൈസ് പ്രസിഡണ്ട് ആയ അജയ് ശേഖര്‍ ശര്‍മ്മയുമാണ് കോബ്രാ പോസ്റ്റിന്റെ വീഡിയോയില്‍ കുടുങ്ങിയിട്ടുള്ളത്.

”കാഷ്മീരില്‍ കല്ലേറ് കുറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും എന്നെ വിളിച്ചിരുന്നു. കല്ലേറുകാരില്‍ പലരും പേ.ടി.എം ഉപയോഗിച്ചു തുടങ്ങിയതായി കാണിക്കുന്ന ഡേറ്റ കൊടുക്കണം എന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.’ അജയ് ശര്‍മ പറയുന്നു.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ അനുഭാവത്തിന്റെ ഭാഗമായി മോദിയുടെ എക്സാം വാരിയേഴ്സ് ഞങ്ങള്‍ പ്രമോട്ട് ചെയ്യുന്നുണ്ടെന്നും ഭഗവത് ഗീത പോലുള്ള പുസ്തകങ്ങളിലൂടെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്.

പേ.ടി.എം ആപ്പില്‍ ഉള്ള ക്വിസ് ഗെയിമില്‍ ഭഗവത് ഗീതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വെയ്ക്കാമെന്നും അതുവഴി ഭഗവത് ഗീത പ്രചരിപ്പിക്കാമെന്നും വീഡിയോയിലുണ്ട് ‘ ഞങ്ങള്‍ ആ ക്വിസ് നടത്താം. പറഞ്ഞാല്‍ നിങ്ങള്‍ ഒരുപക്ഷേ വിശ്വസിക്കില്ല. ഒരു ദിവസം 25000 മുതല്‍ 30000 വരെ ആളുകള്‍ ഈ ക്വിസ് കളിക്കുന്നുണ്ട്. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ആ ക്വിസ് നടത്താം” സുധാന്‍ഷു ഗുപ്ത വീഡിയോയില്‍ പറയുന്നു. നേരത്തെയും രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെ തുറന്നു കാണിച്ച കോബ്ര പോസ്റ്റ് അതിന്റെ രണ്ടാം ഭാഗമാണ് ‘ഓപ്പറേഷന്‍ 136’ ല്‍ പറയുന്നു.

Related posts