പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച പഴങ്ങള്‍ കഴിക്കുന്നയാളുടെ വീഡിയോ ഇരുപതിനായിരം കടന്നു! അവിടേക്കാണ് ഇരുപത് ഷെയറുകള്‍ പരമാവധി കിട്ടുന്ന പോസ്റ്റുമായി എത്തുന്നത്; വ്യാജപ്രചരണങ്ങളെക്കുറിച്ച് യുവ ഡോക്ടര്‍ക്ക് പറയാനുള്ളത്

നിപ്പാ വൈറസ് പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ വ്യാജ പ്രചരണവുമായി എത്തുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവഡോക്ടര്‍ രംഗത്ത്. പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങള്‍ കഴിക്കുന്ന മോഹനന്‍ വൈദ്യരുടെ വിഡിയോയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഇതെക്കുറിച്ച് പ്രതികരണമെന്ന രീതിയിലാണ് ഡോ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലെ കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം വ്യാജ വൈദ്യന്‍മാരെല്ലാം ചേര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം പന്താടിക്കൊണ്ടിരിക്കുകയാണെന്നും ആളുകളുടെ ശ്രദ്ധകിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരുപ്രചാരണം നടത്തുന്നതെന്നുമാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറയുന്നത്.

മോഹനന്‍ വൈദ്യര്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 18,000ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എഴുതിയതുകൊണ്ട് ഗുണമുണ്ടോ എന്നറിയില്ല. എന്നാലും ശ്രമിക്കുന്നെന്ന് മാത്രം…

പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങള്‍ കഴിക്കുന്ന വൈദ്യനെന്ന് സ്വയം അവകാശപ്പെടുന്ന മോഹനന്റെ വീഡിയോയുടെ ഷെയര്‍ ഇതുവരെ 9000 കടന്നു. അവിടേക്കാണ് ഇരുപത് ഷെയറുകള്‍ പരമാവധി കിട്ടുന്ന ബോധവല്‍ക്കരണ പോസ്റ്റുകളുമായി ഞങ്ങളിറങ്ങുന്നത്.

ഈ സാമൂഹ്യദ്രോഹികള്‍ പന്താടിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യമാണ്. എന്തുകൊണ്ടാണ് ഇവറ്റകള്‍ ഇതുവരെ ഒളിച്ചിരുന്നിട്ട് നിപ്പ വിഷയവുമായി ഇറങ്ങുന്നതെന്നറിയുമോ? നിപ്പ ഒരു രോഗം മാത്രമല്ല, ഫേസ് ബുക്കില്‍ ലൈവായി നില്‍ക്കുന്ന ഒരു വിഷയം കൂടിയാണ്. അതില്‍ എന്ത് പ്രതികരണമുണ്ടായാലും ആളുകളുടെ ശ്രദ്ധ കിട്ടും.

ഏത് തരം പബ്ലിസിറ്റിയും സ്വന്തം ബിസിനസിന് നേട്ടമായി കാണുന്ന പാഷാണത്തില്‍ കൃമികളാണ് ഈ തട്ടിപ്പുമായി ഇറങ്ങുന്നത്. ഇത് മാത്രമല്ല ഇതിനു പിറകെ ഇറങ്ങിയ ഹോമിയോ തുള്ളിമരുന്ന് വിതരണക്കാരും ഈന്തപ്പഴത്തിലൂടെയാണ് പടരുന്നതെന്ന് പറഞ്ഞവരുമെല്ലാം..

മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ മറ്റാര്‍ക്കും ഒന്നും ചെയ്യാനാവില്ല. എനിക്കൊന്നും കൂടുതലായി പറയാനുമില്ല.. തല്‍ക്കാലത്തേക്ക് കുറച്ച് കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു..

1. ചിലര്‍ ആവശ്യപ്പെടുന്നതുപോലെ മോഹനനോ വടക്കാഞ്ചേരിയുടെ ടീമോ ഒന്നും പേരാമ്പ്രയില്‍ സന്ദര്‍ശനം നടത്തുന്നതിനോടോ രോഗം ബാധിച്ചവരെ കാണുന്നതിനോടോ താല്പര്യമില്ല. രണ്ടാണ് കാരണം.

ഒന്ന് വെറുതെ പേരാമ്പ്രയിലൂടെ പോയാല്‍ രോഗബാധ ഉണ്ടാവില്ല. അത് ഇവര്‍ സ്വന്തം തട്ടിപ്പിനായി ഉപയോഗിക്കും. രണ്ട് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം ലഭിക്കുകയാണെങ്കില്‍ യാതൊരു മുന്‍ കരുതലുമെടുക്കാത്ത ഇവര്‍ കൂടുതലാളുകള്‍ക്ക് രോഗം ലഭിക്കാനിടയാക്കും.പൊതുജനാരോഗ്യത്തിന് ഇത് രണ്ടും ഭീഷണിയാണ്.

2. മോഹനനിലേക്ക് വരാം.വവ്വാല്‍ കടിച്ചെന്നും കോഴിക്കോട്ടുനിന്നാണെന്നും അവകാശപ്പെടുന്ന പഴം കഴിച്ചതുകൊണ്ട് നിപ്പ എന്ന വൈറസില്ലെന്ന മോഹനന്റെ അവകാശവാദം എത്രത്തോളം പമ്പര വിഡ്ഢിത്തമാണെന്ന് അല്പം വിവേകമുപയോഗിച്ചാല്‍ മനസിലാക്കാം. അതിലെ തട്ടിപ്പും മനസിലാക്കാം. രണ്ടിനും ഒരു തെളിവുമില്ലാത്തതാണ്.

എന്നിരുന്നാലും ഈ തട്ടിപ്പ് വീഡിയോ കണ്ട് ഇയാളുടെ വാക്കുകള്‍ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖമുണ്ട്. പൊതുജനാരോഗ്യപ്രവര്‍ത്തനത്തിനു വലിയ ക്ഷതമാണ് ഇയാളെപ്പോലെയുള്ള ക്ഷുദ്രജീവികള്‍ ചെയ്യുന്നത്.

രണ്ടാമതായി ഇതുവരെ ആദ്യത്തെ രോഗിക്ക് രോഗം ലഭിച്ച വഴിയേതാണെന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യവകുപ്പ് ആ വഴി പരിശ്രമിക്കുന്നുണ്ട്..

ചില സാധ്യതകള്‍ ഇനിയും ചര്‍ച്ച ചെയ്യാനുണ്ട്.ഇപ്പോള്‍ അതെക്കുറിച്ച് സൂചിപ്പിക്കാത്തത് ഈ സാഹചര്യത്തില്‍ നിന്ന് കര കയറേണ്ടതാണ് പ്രധാനമെന്നുള്ളതുകൊണ്ട് മാത്രമാണ്.

3. ഇന്നലെയും ഇന്നും വാര്‍ത്താ ചാനലുകളിലും ചില ഫേസ്ബുക്ക് പ്രൊഫൈലുകളിലും ആവര്‍ത്തിച്ചു കണ്ട ഒരു വാചകം അതിഥി തൊഴിലാളികളിലൂടെയാണ് വൈറസ് കേരളത്തിലെത്തിയതെന്നാണ്. അതില്‍ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

കാരണം അവര്‍ക്ക് നമ്മള്‍ തന്നെ കൊടുക്കുന്ന വൃത്തിഹീനമായ സാഹചര്യത്തിലും ഒരാളെ താമസിപ്പിക്കേണ്ടിടത്ത് പത്തുപേരെ കിടത്തുന്നതിലൂടെയും രോഗം ഇപ്പോള്‍ ഇതിനുള്ളില്‍ത്തന്നെ കാട്ടുതീ പോലെ പടരാനുള്ള സാഹചര്യമുണ്ടായിരുന്നു. അങ്ങനെ ഉണ്ടാകാത്തിടത്തോളം അതിഥി തൊഴിലാളികളെ ഇതിനും പഴി ചാരുന്നതില്‍ അര്‍ഥമില്ല.

4. ഈന്തപ്പഴം വഴിയാണ് ഇവിടെ വൈറസ് എത്തിയതെന്നും അഭ്യൂഹം പരത്തുന്നുണ്ട്. ഇതുവരെ തെളിയിക്കാത്ത ഒരു ആരോപണമാണിത്.. നിര്‍ജീവ വസ്തുക്കളില്‍ അധികകാലം സര്‍വൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയില്‍ കുറച്ചു നാളുകള്‍ സര്‍വൈവ് ചെയ്യാന്‍ ചില വൈറസിനാവും.

ഉദാഹരണത്തിനു ഹെപ്പറ്റൈറ്റിസ് ബി വൈറസെടുത്താല്‍

ഏഴു ദിവസം വരെ ഇത്തരം അവസ്ഥയില്‍ സര്‍വൈവ് ചെയ്യാന്‍ സാധിക്കും

നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളില്‍ നാലുദിവസം സര്‍വൈവ് ചെയ്യാനാവും.

ചൂട് കൂടിയാല്‍ വൈറസ് സര്‍വൈവ് ചെയ്യുന്ന സമയം കുറയും. അത് താപനില ഉയരുന്നതനുസരിച്ച് കുറഞ്ഞുകൊണ്ടേയിരിക്കും.

ഉണക്കിയ കായ് ഫലങ്ങളില്‍ ഏതാനും മണിക്കൂറില്‍ താഴെ മാത്രമേ സര്‍വൈവ് ചെയ്യാന്‍ സാധിക്കുകയുള്ളൂ..അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടര്‍ന്നു എന്നുള്ള വാദഗതി ശരിയാവാന്‍ സാധ്യതയില്ല. വൈറസിന്റെ ഇങ്ങോട്ടേക്കുള്ള വഴി കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ അനുവദിക്കുക എന്നതാണ് പ്രധാനം. അതുവരെ അഭ്യൂഹങ്ങള്‍ ദയവുചെയ്ത് ഒഴിവാക്കുക.

ഇതെഴുതിത്തീരുമ്പോള്‍ പതിനായിരത്തോടടുക്കുന്ന മോഹനന്റെ വീഡിയോയുടെ ഏഴയലത്തോ അതെത്തിച്ചേര്‍ന്ന് തെറ്റിദ്ധരിക്കപ്പെട്ടവരുടെ പത്തിലൊന്നിലേക്കോ ഈ എഴുത്ത് എത്താന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ല…എഴുതുന്നതുകൊണ്ടൊക്കെ പ്രയോജനമുണ്ടാകുമോ എന്ന് ആലോചിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഒരൊറ്റ അഭ്യര്‍ഥനയേ ഉള്ളൂ..ഇത്തരം വ്യാജന്മാരുടെ, ജേക്കബ് വടക്കഞ്ചേരി, മോഹനന്‍ അമ്മാവന്‍, തുള്ളിമരുന്ന് കണ്ടെത്തി എന്നവകാശപ്പെടുന്ന ഹോമിയോക്കാരന്‍, നിപ്പ ഇല്ലെന്ന് പ്രചരിപ്പിക്കുന്ന മറ്റ് സാമൂഹ്യ ദ്രോഹികള്‍ എന്നിവരുടെ വാക്കുകളില്‍ വീണ് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകരുത്….

Related posts