സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം! രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരായ ദിശയില്‍ തന്നെ; പുതിയ പ്രസ്താവനകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ജനങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്ന പ്രസ്താവനകളുമായി പ്രധാനമന്ത്രി വീണ്ടും. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ് മോദി പുതുതായി വ്യക്തമാക്കിയിരിക്കുന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും മുന്നൊരുക്കങ്ങളില്ലാതെ നടത്തിയതിന്റെ ദുരിതഫലങ്ങളാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന വലിയ പ്രതിപക്ഷ ബഹളത്തിനിടെയാണ് മോദിയുടെ വാക്കുകളെത്തുന്നതാണ് ശ്രദ്ധേയം. എന്നാല്‍ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും കനത്ത തീരുമാനങ്ങള്‍ക്കും ശേഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരായ പാതയിലാണെന്നാണ് മോദി പറയുന്നത്.

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ പ്രകാരം കല്‍ക്കരി, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. വിദേശ കമ്പനികള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് തോതിലാണു നിക്ഷേപം നടത്തുന്നത്. 30,000 കോടി ഡോളറില്‍ നിന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 40,000 കോടി ഡോളറിലെത്തിയിരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ് ഇതുവരെയെടുത്തത്. അതു തുടരുകയും ചെയ്യും. പരിഷ്‌കാരപാതയിലേക്കു മാറുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തും.

രാജ്യത്തു നിക്ഷേപം കൂട്ടാനും സാമ്പത്തിക വികസനത്തിനും സാധ്യമായതെല്ലാം ചെയ്യും. മോദി പറയുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്ത് സന്ദര്‍ശനം തുടരുന്ന മോദി വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികളാണെങ്കില്‍ അവരുടെ പഴയ കാല രേഖകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നും മോദി പറഞ്ഞു. ജിഎസ്ടിക്കു കീഴെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 27 ലക്ഷം പേരാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. നികുതി സംവിധാനത്തില്‍ നിന്നു മാറി നില്‍ക്കാന്‍ ഒരു വ്യാപാരിയും ആഗ്രഹിക്കുന്നില്ല.

എന്നാല്‍ നികുതി നയങ്ങളും സംവിധാനവും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുള്‍പ്പെടെ അതിന് അവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ചെക്‌പോസ്റ്റുകളില്‍ ഇപ്പോള്‍ അഴിമതിയില്ല. എല്ലാവര്‍ക്കും സുഗമമായ ചരക്കുനീക്കവും ജിഎസ്ടി വഴി ഉറപ്പാക്കുന്നു. നേരത്തേ, ചെക്‌പോസ്റ്റുകള്‍ വഴി കടന്നു പോകാന്‍ സഹായം നല്‍കിയിരുന്നവരാണ് അവരുടെ പലതരത്തിലുള്ള ബിസിനസുകളും നഷ്ടമായതിന്റെ പേരില്‍ ഇപ്പോള്‍ തനിക്കെതിരെ തിരിയുന്നതെന്നും മോദി പറഞ്ഞു. 2017-18 ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജിഡിപി കുറഞ്ഞതിന്റെ പേരില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനു നേരെ അഴിച്ചുവിട്ടിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആയിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പ്രചാരണ പരിപാടികള്‍ക്കിടെ തന്നെ തിരിച്ചടിയുമായി മോദി എത്തിയത്.

 

Related posts