പിടികൂടിയത് സാഹസികമായെന്ന് പോലീസ്…! മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; 14 വര്‍ഷത്തിനുശേഷം തലശേരിയില്‍ പ്രതി അറസ്റ്റില്‍

policeതലശേരി: മുക്കുപണ്ടം പണയം വച്ച് സഹകരണ ബാങ്കില്‍നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ 14 വര്‍ഷത്തിനുശേഷം പോലീസ് അതിസാഹസികമായി പിടികൂടി. അഴിയൂര്‍ കുനിയില്‍ വീട്ടില്‍ മുസ്തഫയെയാണ് (53) തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്കുമാര്‍, എഎസ്‌ഐമാരായ റസാഖ്, നജീബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലര്‍ച്ചെ വടകര നാദാപുരം റോഡിന് സമീപം വച്ച് ആസൂത്രിത നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക്, ചോറോട് സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. 2002 നവംബര്‍ 13നാണ് പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മാഹി ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് ഇയാള്‍ പണം തട്ടിയെടുത്തത്.

തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. തലശേരി അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ഏറെനാളത്തെ നിരീക്ഷണത്തിനുശേഷമാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇയാള്‍ ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തി വന്നതെന്നും പോലീസ് പറഞ്ഞു.

Related posts