മിണ്ടരുത്! ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ അവസാനിപ്പിക്കാനായി ഒന്നു മിണ്ടാതിരുന്നു കൂടേയെന്ന് പൊതുജനത്തോട് പോലീസ്; പോലീസുദ്യോഗസ്ഥര്‍ നിര്‍മിച്ച്, അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു

മൗനം വിദ്വാന് ഭൂഷണം എന്നൊരു ചൊല്ലുണ്ട്. അത് ശരിയുമാണ്. മൗനം പാലിക്കേണ്ടിടത്ത് അത് ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ വലിയ നാശത്തിലേയ്ക്ക് അത് നമ്മെ കൊണ്ടുചെന്നെത്തിക്കും. പോയ വാക്ക് ആന പിടിച്ചാലും കിട്ടില്ല എന്നല്ലേ. അതുപോലെതന്നെ ഈ ആധുനിക യുഗത്തില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധിയവസരങ്ങളില്‍ മൗനം പാലിക്കേണ്ടതായുണ്ട്.

അക്കൂട്ടത്തിലൊന്നാണ് ഓണ്‍ലൈന്‍ തട്ടിപ്പുമായി ഫോണിലേയ്ക്ക് വിളിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ തേടുന്നത്. എത്രയൊക്കെ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും കൊടുത്തിട്ടും പ്രതിദിനം അനേകരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. കൂടുതലും വിദ്യാഭ്യാസമുള്ളവരാണെന്നതാണ് ഇതിലെ പ്രത്യേകത.

ഒ.ടി.പി നമ്പര്‍ ചോദിച്ച് ആരെങ്കിലും വിളിച്ചാല്‍ മിണ്ടാതിരുന്നുകൂടേ? ചോദിക്കുന്നത്, ഒരുകൂട്ടം പോലീസുകാരാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്രിയാത്മക നിര്‍ദേശത്തോടെ പോലീസുദ്യോഗസ്ഥര്‍ നിര്‍മിച്ച് പോലീസുദ്യോഗസ്ഥര്‍ തന്നെ അഭിനയിച്ചിരിക്കുന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ മിണ്ടരുത്’ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.

വീഡിയോ കണ്ടെങ്കിലും ആളുകള്‍ ഉണരട്ടേ, ബോധവാന്മാരാകട്ടെ, എന്നാണ് പോലീസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വളരെയധികം ഉപകാരപ്രദം എന്നാണ് വീഡിയോ കണ്ടവരെല്ലാം പ്രതികരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് പ്രസ്തുത വീഡിയോ.

Related posts