വാറ്റാനോ? കുക്കറിന് വന്‍ ഡിമാന്‍ഡ്; അഞ്ചു ലിറ്ററില്‍ കൂടുതലുള്ള കുക്കര്‍ വാങ്ങുന്നവരെ കുറിച്ച് വിവരം നല്‍കണമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ്‌

vattമദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകള്‍ കേന്ദ്രീകരിച്ചും ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്ക് മറവിലുമായി വ്യാജവാറ്റ് സംഘങ്ങളും വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പോലീസിനും പണി കൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ തിരക്കേറിയ മദ്യശാലകള്‍ പൂട്ടിയതോടെയാണ് മദ്യ സേവകര്‍ നെട്ടോട്ടം തുടങ്ങിയത്. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം ലഭിക്കാതെ വന്നതോടെ വലിയ വിലക്ക് വ്യാജമദ്യ വില്‍പന നടത്തുന്ന സംഘങ്ങള്‍ക്ക് ഇപ്പോള്‍ കൊയ്ത്ത് കാലമാണ്.

ഈ അവസരം മുതലെടുത്താണ് മദ്യവിപണി കീഴടക്കാന്‍ ഒരു ഇടവേളക്ക് ശേഷം വ്യാജവാറ്റ് സംഘങ്ങള്‍ തയാറെടുക്കുന്നത്. ഇതിനിടെ വ്യാജ മദ്യവില്‍പനയും വ്യാജവാറ്റും തടയുന്നതിനുള്ള പോലീസ്, എക്‌സൈസ് നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്, വ്യാജവാറ്റിനായി വലിയ കുക്കര്‍ വില കൊടുത്ത് വാങ്ങുന്നവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ കച്ചവടക്കാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിഷു അടുത്തതോടെ സംസ്ഥാനത്ത് വ്യാജന്‍ ഒഴുകുമെന്നാണ് സൂചന. വിഷുവിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ എക്‌സൈസ് അധികൃതരും വ്യാജമദ്യ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളും താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തമായ അറിവില്ലാത്തതിനാല്‍ പോലീസിനെ ഇത്തരം സംഘങ്ങളെ പിടികൂടാന്‍ കഴിയാറില്ല.

ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മദ്യം നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും വിപണി കണ്ടെത്തുകയും ചെയ്യുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. മദ്യത്തിന്‍റെ ലഭ്യത കുറഞ്ഞതോടെ വ്യാജന്‍ വില്‍ക്കുന്നവര്‍ വലിയ തോതില്‍ വില കയറ്റിയാണ് മദ്യ സേവകര്‍ക്ക് വ്യാജന്‍ എത്തിക്കുന്നത്. പോലീസും എക്‌സൈസും വ്യാജ മദ്യ വില്‍പനയും വ്യാജവാറ്റും നിയന്ത്രിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്‌പോള്‍ പിടിക്കപ്പെടാതെ തന്നെ അവസരത്തിനൊത്ത് ഉല്‍പാദനം നടത്താനും വിപണി കണ്ടെത്താനും പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് മദ്യലോബികള്‍.

Related posts