ഗംഭീറിന്‍റെ എട്ടുവർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥയാക്കി പുജാര

POOJARA-Lധർമശാല: എട്ടുവർഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാർഡ് പഴങ്കഥയാക്കി മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. ഒരു സീസണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡാണ് പുജാര സ്വന്തംപേരിലാക്കിയത്. മുൻ ഓപ്പണർ ഗൗതം ഗംഭീറിന്‍റെ നേട്ടമാണ് പുജാര പഴങ്കഥയാക്കിയത്. 2008-09 സീസണിലായിരുന്നു ഗംഭീറിന്‍റെ 1269 റണ്‍സ് നേട്ടം.

ധർമശാല ടെസ്റ്റിന് കളിക്കാനിറങ്ങുന്പോൾ ഗംഭീറിനെ മറികടക്കാൻ പുജാരക്ക് നാല് റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. മത്സരത്തിൽ 57 റണ്‍സെടുത്തു പുജാര പുറത്തായി. ഈ സീസണിൽ പുജാര ഇതുവരെ 1316 റണ്‍സ് നേടിയിട്ടുണ്ട്. റാഞ്ചി ടെസ്റ്റിൽ പുജാര ഇരട്ട സെഞ്ചുറി നേടിയിരുന്നു.

ഇന്ത്യൻ നായകൻ കോഹ്ലി ഈ റിക്കാർഡ് തകർക്കുമെന്നാണ് പരന്പരയ്ക്കു മുന്പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മോശം ഫോം തിരിച്ചടിയാകുകയായിരുന്നു. ആറ് ഇന്നിംഗ്സുകളിൽനിന്നായി 46 റണ്‍സ് മാത്രമാണ് കോഹ്ലിക്കു നേടാൻ കഴിഞ്ഞത്. പരിക്കിനെ തുടർന്ന് ധർമശാല ടെസ്റ്റ് അദ്ദേഹത്തിനു നഷ്ടമാകുകയും ചെയ്തു.

ഒരു സീസണിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ റിക്കാർഡ് റിക്കി പോണ്ടിംഗിന്‍റെ പേരിലാണ്. 78.05 ശരാശരിയിൽ 1483 റണ്‍സാണ് പോണ്ടിംഗിന്‍റെ പേരിലുള്ളത്. ഈ റിക്കാർഡ് മറികടക്കാൻ പൂജാരക്ക് 168 റണ്‍സ് കൂടി വേണം.

Related posts