സ്വയം ബഹുമാനിക്കുന്ന ഇവരാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്! സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആദരവും ഇഷ്ടവും തോന്നിയിട്ടുള്ള സ്ത്രീകളാരെന്ന് വെളിപ്പെടുത്തി പൃഥിരാജ്

സ്ത്രീകളോട് പ്രത്യേകിച്ച് സഹപ്രവര്‍ത്തകരായ സ്ത്രീകളോട് പൃഥിരാജ് എന്ന നടന്‍ കാണിക്കുന്ന ബഹുമാനവും ആദരവും സൗഹൃദവും പരസ്യമാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് പൃഥിരാജ് പങ്കുവച്ച പക്വതയാര്‍ന്ന അഭിപ്രായങ്ങളും നിലപാടുകളും ഏറെ ശ്രദ്ധയാകര്‍ഷിച്ചതുമാണ്. മേലില്‍ സ്ത്രീ വിരുദ്ധത എടുത്തുകാണിക്കുന്ന ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും പൃഥിരാജ് പലയിടത്തും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയില്‍ കുടുംബത്തിലെ സ്ത്രീകളല്ലാതെ പൃഥിരാജിന് ഏറ്റവുമധികം ഇഷ്ടമോ ആദരവോ തോന്നിയിട്ടുള്ള സ്ത്രീ ആരായിരിക്കും. പലരും ചിന്തിച്ചിട്ടുണ്ടാവാം. ഒരഭിമുഖത്തില്‍ അവതാരിക ചോദിച്ച ചോദ്യത്തിന് പതിവ് ശൈലിയില്‍ വ്യക്തവും കൃത്യവുമായ ഉത്തരം പൃഥിരാജ് നല്‍കുകയുണ്ടായി. അതിങ്ങനെയായിരുന്നു.

സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ്. അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.

സിനിമയിലെ തനിക്ക് പ്രിയപ്പെട്ട മൂന്ന് സ്ത്രീകളെ കുറിച്ചും പൃഥിരാജ് മനസുതുറന്നു. ആ മൂന്ന് പേര്‍ നസ്രിയയും നടി പാര്‍വ്വതിയും സംവിധായക അഞ്ജലി മേനോനും ആണെന്നാണ് പൃഥ്വി പറഞ്ഞത്. നസ്രിയ തനിക്ക് കുഞ്ഞനുജത്തിയെ പോലെയാണ്. നസ്രിയയെ പരിജയപ്പെട്ടതു മുതല്‍ അനിയത്തി കുട്ടി ഫീലിങ് ആണ് ഉണ്ടാവുന്നത്. പാര്‍വതി എന്റെ സഹതാരം മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണ്. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. സംവിധായിക അഞ്ജലി മേനോനാണ് മൂന്നാമത്തെയാള്‍. എനിക്ക് ഒരുപാട് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ. അവരോടൊപ്പം പ്രവര്‍ത്തിക്കുക ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അഞ്ജലിയുടെ ആദ്യചിത്രം മഞ്ചാടിക്കുരു എനിക്ക് ഏറെ ഇഷ്ടമാണ്. അവരുടെ മികച്ച സിനിമയും അതുതന്നെയെന്ന് വിശ്വസിക്കുന്നു.

Related posts