Set us Home Page

തങ്ങളെക്കൊണ്ട് മുടിചീകി കെട്ടിക്കുകവരെ ചെയ്തിരുന്നു! ആശുപത്രിയിലായിരുന്ന സമയത്ത് തങ്ങളെ കിടത്തിയിരുന്നത് നിലത്ത്; വനിതാ പോലീസുകാരുടെ പരാതിയില്‍ ജിഷയുടെ അമ്മ രാജേശ്വരിയുടെ സുരക്ഷ പിന്‍വലിച്ചു

സുരക്ഷയൊരുക്കാനെത്തിയ വനിതാ പോലീസുകാരോട് അവജ്ഞതയോടെ പെരുമാറിയെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയ്ക്കെതിരെ പരാതി. രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോട് പെരുമാറിയിരുന്നതെന്നും തങ്ങളെക്കൊണ്ട് മറ്റ് ജോലികള്‍ വരെ ചെയ്യിച്ചിരുന്നെന്നും ഇവര്‍ക്കുവേണ്ടി സുരക്ഷയൊരുക്കിയ വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

24 മണിക്കൂറും രണ്ടു വനിതാ പോലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പോലീസുകാരും കൂടെപ്പോകുമായിരുന്നു. കോടനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പോലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പോലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പോലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.

 

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS