എല്ലാം പഠിക്കട്ടെയെന്ന്..! പുതുവൈപ്പ് എൽപി ജി ടെർമിനൽ നിർമാണം നിർത്തിവയ്ക്കാൻ തീരുമാനം; സമരക്കാരുടെ ആശങ്കകൾ പഠിക്കാൻ ഒരു സമതിയെ നിയോഗിക്കും; പക്ഷേ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സർക്കാർ

pinaraiതിരുവനന്തപുരം: പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.

പദ്ധതിയെക്കുറിച്ച് പ്രദേശവാസികൾ ഉന്നയിച്ച ആശങ്കകൾ കണക്കിലെടുത്താണ് നിർമാണം താത്കാലികമായി നിർത്തിവയ്ക്കുന്നത്. പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചാണ് ഐഒസി ടെർമിനൽ നിർമാണം നടത്തുന്നതെന്ന സമരക്കാരുടെ ആരോപണവും ആശങ്കകളും പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയിലെ അംഗങ്ങൾ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷമേ ഇനി നിർമാണം സംബന്ധിച്ച തീരുമാനമെടുക്കൂ എന്നാണ് യോഗത്തിലെ ധാരണ.

പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സമരസമിതി നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഉറപ്പ് നൽകി. വൈപ്പിൻ എംഎൽഎ എസ്.ശർമ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയ നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളോട് സമരസമിതി എതിർപ്പ് ഉന്നയിച്ചില്ലെന്ന് നേതാക്കൾ പിന്നീട് പ്രതികരിച്ചു.

Related posts